പട്ടികവർഗ്ഗക്കാർക്കുള്ള ഓണക്കിറ്റ്, ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

സർക്കാർ തലത്തിലും മറ്റു മേഖലയിലും ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ആദിവാസി വിഭാഗങ്ങളിൽ നിന്നും 125 പേരെ കൂടി വിവിധ സേനകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി അപോയ്‌മെന്റ് ചെയ്യും. ഇതിൽ 85 പേരും വയനാട് ജില്ലയിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു. അഭ്യസ്തവിദ്യരായ പരമാവധി ആദിവാസി യുവതീ-യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മെന്റർ ടീച്ചറെന്ന ആശയം മികച്ച മാതൃകയായി. ഈ സാഹചര്യത്തിൽ ബിഎഡ്, ടിടിസി പൂർത്തിയാക്കിയ കൂടുതൽ പേർക്ക് ഈ വർഷം തന്നെ തൊഴിൽ ലഭ്യമാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓണം 2019 പട്ടികവർഗ്ഗക്കാർക്കുള്ള ഓണക്കിറ്റ്, ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റ എം.സി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആയിരത്തോളം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരെ പരിശീലനം നൽകി വിദേശ രാജ്യങ്ങളിൽ മികച്ച തൊഴിലിനായി അയക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ മുഖ്യധാരയിലെത്തുകയാണ് ലക്ഷ്യം. ആദിവാസി മേഖലയിൽ രാജ്യത്തെവിടെയും ഇല്ലാത്ത പദ്ധതികളാണ് സർക്കാർ ആവീഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. സമഗ്ര ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം 90,000 പേർക്ക് 75 കോടി രൂപയുടെ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കി. ജനനിജന്മരക്ഷാ പദ്ധതിയിലൂടെ 44,000 ഓളം ഗർഭിണികൾക്കും മൂലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരത്തിനായി 30 കോടി രൂപ മാറ്റിവച്ചു. ആദിവാസി മേഖലയിൽ മഴക്കാലത്ത് തൊഴിൽ കുറവും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യവും പരിഗണിച്ച് 25 കോടി രൂപയുടെ ഉത്തേജന പാക്കേജും സർക്കാർ അനുവദിച്ചു.

പ്രളയത്തിൽ പൂർണ്ണമായി തകർന്ന 151 വീടുകൾക്ക് ആറു ലക്ഷം വീതവും ഭാഗീകമായി തകർന്ന 122 വീടുകളുടെ പുനരുദ്ധാരണത്തിനായി ഒന്നര ലക്ഷവും നൽകി. ഭൂമി നഷ്ടപ്പെട്ട 147 ആദിവാസികൾക്ക് 10 സെന്റ് വീതം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. അടിയന്തര ധനസഹായമായി 10,000 രൂപയും നൽകി. പട്ടിക ജാതി വകുപ്പ് പ്രളയം ബാധിച്ച 83,872 പേർക്ക് വകുപ്പുതലത്തിൽ 5000 രൂപയുടെ അടിയന്തര ധനസഹായം നൽകി. പട്ടിക ജാതി വിഭാഗത്തിൽ വീടു പൂർണ്ണമായി തകർന്ന 245 പേർക്ക് നാലുലക്ഷ വീതം അനുവദിച്ചു. പ്രളയം ദുരിതം നേരിട്ട 90 കോളനികൾ പുനരുദ്ധരിക്കാൻ ഒരു കോടി രൂപയും നൽകി. കേരളത്തിൽ 23,766 പട്ടികജാതി കുടുംബങ്ങളും 4060 ആദിവാസി കുടുംബങ്ങളും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. വയനാട്ടിലെ ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആദിവാസികൾക്ക് താമസിക്കാൻ വീട്, സ്ഥലം, മെച്ചപ്പെട്ട ആരോഗ്യസ്ഥിതി, ഗുണമേൻമയുള്ള വിദ്യാഭ്യാസവും അതിനനുസരിച്ചുള്ള തൊഴിലും ലഭ്യമാക്കും. സുസ്ഥിര വികസനത്തിന്റെ ഭാഗമായി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രോത്സാഹനമാണ് നൽകുന്നത്. തൊഴിലാണ് യഥാർത്ഥത്തിൽ ഇന്നത്തെ സാഹചര്യത്തെ മാറ്റിയെടുക്കുന്ന പ്രധാന ഭാഗമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പുമായി ചേർന്ന് ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കാൻ മൂവായിരത്തോളം ഏക്കറിൽ കൃഷി ചെയ്തു ബ്രാൻഡ് ഉത്പന്നങ്ങളായി വിപണിയിലെത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ ശ്രദ്ധിക്കാൻ പറ്റുന്ന മേഖലകളിലെല്ലാം ശ്രദ്ധേയമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. അടിസ്ഥാന ജനവിഭാഗത്തിന്റെ കൂടെയുണ്ടാവുമെന്നും മന്ത്രി ഉറപ്പു നൽകി.
മേപ്പാടി പുത്തുമലയിലുണ്ടായ ദുരന്തം സമാനതകളില്ലാത്തതാണ്. ഒരു ഗ്രാമം മുഴുവൻ തുടച്ചുമാറ്റപ്പെട്ട പ്രതീതിയിലാണ് പ്രദേശമെന്നും മന്ത്രി പറഞ്ഞു. ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസിത്തിന് പ്രത്യേകം പരിഗണന നൽകണം. നവകേരള നിർമ്മാണത്തിനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.
ഈ വർഷം 1,59,753  ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 61,004 ആദിവാസികൾക്ക് ഓണക്കോടിയുമാണ് വിതരണം ചെയ്തത്. വയനാട് ജില്ലയിൽ 51,532 പേർക്ക് ഓണക്കിറ്റും 19,537 പേർക്ക് ഓണക്കോടിയും നൽകി. ഒൻപതു നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റിന് ആയിരം രൂപയാണ് വിപണിവില. ആറുപതു വയസ്സു കഴിഞ്ഞവർക്കാണ് ഓണക്കോട് വിതരണം ചെയ്തത്. സ്ത്രീകൾക്ക് സിങ്കിൾ കസവ് വേഷ്ടിയും മുണ്ടും പുരുഷൻമാർക്ക് കസവുകര ടബിൾ മുണ്ടും തോർത്തുമാണ് നൽകിയത്.