ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ  സാമൂഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ ശ്രീനാരായണ ഗുരു : ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തെ മാറ്റിയെടുക്കുന്നതിൽ ഗുരു വഹിച്ച പങ്ക് വലുതാണ്. ഗുരു വിഭാവനം ചെയ്തത് സ്വതന്ത്രരായ മനുഷ്യരെയാണ്. ഗുരുവിന്റെ ദർശനങ്ങളും രചനകളും വ്യാഖ്യാനിക്കും തോറും പുതിയ അർത്ഥതലങ്ങൾ ലഭിക്കുന്നവയാണ്. ഗുരുദർശനങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമെത്തിക്കാൻ ഇംഗ്ലീഷിലുള്ള ഈ രചനയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.  പുസ്തകത്തിന്റെ ആദ്യ വില്പന സ്വാമി സന്ദീപാനന്ദഗിരിക്ക് നൽകി മന്ത്രി നിർവഹിച്ചു.
സാമൂഹിക മുന്നേറ്റത്തേക്കാൾ ഗുരുവിന്റെ ആത്മീയതയാണ് ഉത്ക്കർഷമായതെന്ന് പുസ്തകം ഏറ്റുവാങ്ങിയ ശേഷം സാഹിത്യകാരി ഒ. വി. ഉഷ പറഞ്ഞു. കേരത്തിന് ലഭിച്ച വലിയ ഭാഗ്യമാണ് ഗുരുവെന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഗുരുവിന്റെ ജീവിതം വലിയ സന്ദേശമാണ് നൽകുന്നതെന്നും ഒ. വി. ഉഷ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹവും ദാർശനിക കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയും ഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗുരുവിന്റെ ദർശനങ്ങൾ ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പാണ് കേരള സാഹിത്യ അക്കാദമിയെ പുസ്തക രചനയ്ക്ക് ചുമതലപ്പെടുത്തിയത്. സാഹിത്യ അക്കാദമി അംഗം മങ്ങാട് ബാലചന്ദ്രനാണ് പുസത്കത്തിന്റെ സമാഹരണവും ഇംഗ്ലീഷിലേക്കുള്ള പരിഭാഷയും നടത്തിയത്.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, ഐ. എം. ജി. ഡയറക്ടർ കെ. ജയകുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ. പി. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.