05.10.2019-ല്‍ കേരളകൗമുദി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുളള വാര്‍ത്തയില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുംസ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാണെന്നും, വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം രൂപയായി കുറച്ചു എന്നുമുളള പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 2011-12 മുതല്‍നടപ്പാക്കി വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 2018-19 മുതല്‍ വാര്‍ഷിക വരുമാന പരിധി 44500 രൂപയില്‍ നിന്നും 2.5 ലക്ഷം രൂപയായും സ്‌കോളര്‍ഷിപ്പ് തുക 1500 രൂപയായും ഉയര്‍ത്തുകയാണ് ഉണ്ടായത്.
ന്യൂനപക്ഷ വിഭാഗത്തിന് മാത്രമായി പദ്ധതി നിലവിലുണ്ട്. എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും, ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്കു കീഴിലുളള വ്യത്യസ്ത പദ്ധതികളാണ്. സംസ്ഥാനത്ത് ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയും, ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേനയുമാണ് നടപ്പാക്കുന്നത്.50% കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്. 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് തുക അനുവദിക്കുന്നത്. കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുളള മാനദണ്ഡങ്ങളുടെയും, സംസ്ഥാന സര്‍ക്കാരിന്റെ 18.12.2012 തീയ്യതിയിലെ സ.ഉ(സാധാ) നമ്പര്‍. 1616/2012/പി.സ.വി.വ പ്രകാരവുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകൃതമായതിനെ തുടര്‍ന്ന് 2011-12 സാമ്പത്തിക വര്‍ഷമാണ് ഈ പദ്ധതി നടപ്പാക്കി തുടങ്ങിയത്. കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ച് പ്രതിവര്‍ഷം ശരാശരി 6.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരും. ഇത്രയും പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് 100 കോടി രൂപയോളം ആവശ്യമാണ്. ടി പദ്ധതി പ്രകാരം അപേക്ഷിക്കാനുളള വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം രൂപയായും സ്‌കോളര്‍ഷിപ്പ് തുക 1500 രൂപയായും 2018-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചിരുന്നു.
കേന്ദ്ര സഹായമായി നാമമാത്രമായ തുകയാണ് സംസ്ഥാനത്തിന് ലഭ്യമാകുന്നത്. നടപ്പു വര്‍ഷം 5.72 കോടി രൂപ മാത്രമാണ് കേന്ദ്ര സഹായമായി അനുവദിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 25 കോടി രൂപ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.
2012 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമായി ഈസ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തിയിട്ടുളളത്.കൂടാതെ ലംപ്‌സം ഗ്രാന്റ് അനുവദിക്കുന്നതിനാല്‍ ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ മുഴുവന്‍ സമുദായങ്ങളെയും ടി പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മാനദണ്ഡമനുസരിച്ച് 50%-ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും 90%-ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമാണ് തുക അനുവദിക്കാനാവുന്നത്. ഈ സാഹചര്യത്തിലാണ് 80% എന്ന മാര്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയിട്ടുളളത്.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉയര്‍ന്ന ജനസംഖ്യയും കേന്ദ്ര സഹായത്തിന്റെ കുറവും പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിത്തുടങ്ങിയ 2011 -12 മുതല്‍ തന്നെ ഒബിസി പ്രീ മെട്രിക്സ്‌കോളര്‍ഷിപ് സംസ്ഥാനത്തെ ഗവണ്മെന്റ്/ ഗവണ്മെന്റ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്അര്‍ഹതയുള്ള പിന്നാക്ക വിഭാഗങ്ങളെയും ഒബിസി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. അതേസമയം പട്ടികജാതി വിഭാഗത്തിന് സമാനമായി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന ഒ ഇ സി (മറ്റര്‍ഹ വിഭാഗം) വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. ഈ സ്‌കീം പൂര്‍ണമായും സംസ്ഥാന പദ്ധതിയാണ്. ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനായി 23/ 05 / 2019 ല്‍ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനവും 24/09/2019 ല്‍ പുറത്തിറക്കിയ വിജ്ഞാപനവും താരതമ്യം ചെയ്ത്തെറ്റായ വാര്‍ത്ത കൊടുക്കുകയാണ് കേരളകൗമുദി ദിനപത്രം ചെയ്തത്. രണ്ടു വ്യത്യസ്ത സ്‌കീമുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചും വസ്തുതകള്‍ പരിശോധിക്കാതെയും ഇത് സംബന്ധിച്ച് വകുപ്പില്‍ നിന്ന് യാതൊരു വിവരങ്ങളും ശേഖരിക്കാതെയും വാര്‍ത്ത സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് തികച്ചും ഖേദകരമായ നടപടിയാണ്.