പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സില്‍ സൗജന്യ പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, പ്രസ് ക്ലബ്ബ് തിരുവനന്തപുരം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രിന്‍റ്, ടിവി, ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാധ്യമ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയാണിത്.

അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിയ പ്രായപരിധി 01.11.2019 ല്‍ 28 വയസ്സ് ആയിരിക്കണം. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും. അപേക്ഷാ ഫോറത്തിന്‍റെ മാതൃക  www.icsets.org എന്ന വെബ്സൈറ്റില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വെക്കേണ്ടതാണ്. 2019 ഒക്ടോബര്‍ 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്ളോര്‍, അംബേദ്കര്‍ ഭവന്‍, ഗവ. പ്രസ്സിന് സമീപം, മണ്ണന്തല, തിരുവനന്തപുരം – 695015 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കേണ്ടതാണ്. 2019 നവംമ്പര്‍ ആദ്യവാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കും.
വിദ്യാഭ്യാസ- തൊഴില്‍ രംഗങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കി മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇതിനകം തന്നെ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ മാധ്യമ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാധ്യമ പ്രവര്‍ത്തന മേഖല ഒരു ജോലി എന്ന തരത്തില്‍ മാത്രമല്ല, സമൂഹവുമായി കൂടുതല്‍ ഇടപഴകാനും ജനങ്ങള്‍ക്കിടയില്‍ നല്ല പരിഗണനയോടെ ജോലി ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കുന്നതിനും കാരണമാകും. എല്ലാ വിദ്യാര്‍ത്ഥികളും ഈ അവസരം വിനിയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Please follow and like us:
0