കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് 300 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി
കേരളത്തിലെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് വേണ്ടി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് 300 കോടി രൂപയുടെ ഗ്യാരന്റി കേരള സര്‍ക്കാര്‍ അനുവദിച്ചു. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്പ്പറേഷന് (NBCFDC) ല്‍ നിന്ന് വായ്പ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ഗ്യാരന്റി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഒന്നു മുതല്‍ അഞ്ച് ശതമാനം വരെ പലിശ നിരക്കിലാണ് ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്ന് വിവിധ പദ്ധതികള്‍ പ്രകാരം വായ്പ ലഭ്യമാകുന്നത്. നാളിതുവരെ, 263442 ഗുണഭോക്താക്കള്‍ക്ക് 1121 കോടി NBCFDC പദ്ധതി പ്രകാരം വായ്പയായി അനുവദിച്ചിട്ടുണ്ട്.
NBCFDC നിന്ന് വായ്പ ലഭിക്കുന്നതിന് 740 കോടി രൂപയുടെ ഗ്യാരന്റിയാണ് സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അനുവദിച്ച 300 കോടി രൂപയുടെ അധിക ഗ്യാരന്റി വിനിയോഗിച്ച് NBCFDC ല്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കി ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഒട്ടേറെ ഗുണഭോക്താക്കളെ സഹായിക്കുന്നതിന് സാധിക്കുന്നതാണ്.