ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്‍ററും സാംസ്കാരിക വകുപ്പിന്‍റെ വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയവും നിര്‍മിക്കുന്നതിന് സ്വകാര്യ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിന്  സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ 30 .40  ഏക്കര്‍ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിനാണ് അനുമതി. ഇതിനായി 56 .24 കോടി രൂപ ചെലവ് വരും.
ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമി 2017  ല്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചതാണ് ഇന്‍ഡോ-ഷാര്‍ജ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രം. ഇതിന്‍റെ നിര്‍മാണ ചെലവ് ഷാര്‍ജ ഭരണകൂടം വഹിക്കും.  ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കേണ്ടതുണ്ട്.  കിഫ്ബിയുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് എല്ലാ ജില്ലകളിലും നവോത്ഥാന സാംസ്കാരിക നായകരുടെ പേരില്‍ സാംസ്കാരിക സമുച്ഛയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി 2016 -17 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു ജില്ലക്ക് 50  കോടി രൂപയാണ് സാംസ്കാരിക സമുച്ചയം നിര്‍മിക്കാനായി അനുവദിച്ചത്.  കോഴിക്കോട് ജില്ലയില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പേരില്‍ ജില്ലാ സാംസ്കാരിക സമുച്ചയം നിര്‍മിക്കാനുള്ള ഭൂമിയും കണ്ടെത്താനുണ്ടായിരുന്നു. രണ്ടു പദ്ധതികള്‍ക്കും ആവശ്യമായ റവന്യൂ ഭൂമി ജില്ലയില്‍ ലഭ്യമല്ലാത്തതിനാല്‍ ഒളവണ്ണ വില്ലേജില്‍ 30  ഏക്കര്‍ 40  സെന്‍റ് ഭൂമി പദ്ധതിക്ക് അനുയോജ്യമാണെന്ന്  ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പ്രകാരം സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍  നിന്ന് തുക അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.