കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം, അട്ടപ്പാടിയിലെ കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, വയനാട്ടിലെ ചീങ്ങേരി ഫാം എന്നിവിടങ്ങളില്‍ കൃഷി  വികസി പ്പിക്കുന്നതിന് വേണ്ടിയുള്ള ബൃഹത്തായ പദ്ധതി നബാര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കും.  ബഡ്ജറ്റില്‍ 15 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.   ആറളം ഫാമിന്‍റെ സമഗ്രവികസനത്തിന് വേണ്ടി നബാര്‍ഡുമായി സഹകരിച്ച് 42 കോടി രൂപയുടെ പദ്ധതി ആരംഭിച്ചു. ആറളം ഫാമിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ 10 കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്.

കൃഷി വകുപ്പുമായി ചേര്‍ന്ന് അട്ടപ്പാടിയില്‍ വിപുലമായ കാര്‍ഷിക വികസന പദ്ധതി മില്ലെറ്റ് വില്ലേജ് എന്ന പേരില്‍ ആരംഭിച്ചു. 800 ഹെക്ടറില്‍ ചെറുധാന്യങ്ങളുടെ കൃഷിയാണ് ഈ പദ്ധതിപ്രകാരം നടത്തുന്നത്.

പെണ്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിന് ഗോത്രവാത്സല്യനിധി എന്ന പേരില്‍ ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. 1,39,000 രൂപയാണ് നാലു ഗഡുക്കളായി ഒരു കുട്ടിക്ക് വേണ്ടി പ്രീമിയം അടക്കുന്നത്. ബിടെക് കോഴ്സ് പൂര്‍ത്തീകരിക്കാത്തവര്‍ക്കുവേണ്ടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ മുഖേന പ്രത്യേക കോച്ചിംഗ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എംആര്‍എസ്സുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ സ്മാര്‍ട്ട് ക്ലാസ് റൂം, ഡിജിറ്റല്‍ ലൈബ്രറി, സിന്തറ്റിക്ക് കോര്‍ട്ട്, സ്കൂള്‍ റേഡിയോ, നാപ്കിന്‍ വെന്‍റിംഗ് മിഷന്‍, സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, ജിംനേഷ്യം, മോഡേണ്‍ സ്റ്റീം കിച്ചണ്‍ എന്നിവ നടപ്പിലാക്കി. എല്ലാ എംആര്‍എസ്സുകളിലും 100 ശതമാനം വിജയം ഉറപ്പുവരുത്തി.

ഈ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ സ്പില്‍ ഓവറായി ഉണ്ടായിരുന്ന 12,256 വീടുകളില്‍ 10,947 വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍റെ കണക്കുപ്രകാരം, സ്വന്തമായി സ്ഥലമുള്ള അര്‍ഹരായ  2984 കുടുംബങ്ങളാണുള്ളത്. എന്നാല്‍ ഒരു വീട്ടില്‍ തന്നെ ഉപകുടുംബങ്ങള്‍ താമസിക്കുന്നുണ്ട് എന്ന കാര്യം കൂടി പരിഗണിച്ച് അത്തരത്തിലുള്ള ഉപകുടുംബ ങ്ങളെക്കൂടി ലൈഫ് പദ്ധതിയുടെ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 2016-17, 2017-28 വര്‍ഷങ്ങളില്‍  പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച 6709 വീടുകളുടെ പണി നടന്നുവരികയാണ്. ഈ വീടുകള്‍ക്ക് ലൈഫ് മിഷന്‍റെ അതേ നിരക്കില്‍ ഭവനനിര്‍മ്മാണ ധനസഹായം അനുവദിക്കാന്‍ ഉത്തരവായി. 381 വീടുകള്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചു.  പട്ടികവര്‍ഗ വികസന വകുപ്പിന് അനുവദിക്കപ്പെട്ട പദ്ധതി വിഹിതത്തിന്‍റെ 97.61 ശതമാനം  ചെലവഴിച്ചുവെന്നും മന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ ഉപദേശക സമിതി അംഗങ്ങള്‍ പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.