പാലക്കാട് അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്ന കേസില്‍ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍  പരിശോധിക്കുമെന്ന് നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്സോ വകുപ്പുകള്‍ക്കു പുറമേ, ബലാല്‍സംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ അത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.