19000 പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ നല്‍കും: മന്ത്രി എ കെ ബാലന്
201617 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച സ്കില്‍ ഡവലപ്മെന്റ് ട്രെയിനിങ്ങുകളുടെ ഭാഗമായി വലിയ തോതില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും തൊഴില്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 12 പരിശീലന സ്ഥാപനങ്ങളുമായി ചേര്‍ന്ന് നൈപുണ്യ വികസന പരിശീലനം നല്കി. അട്ടപ്പാടിയില്‍ 291 വനിതകള്‍ക്ക് വസ്ത്രനിര്‍മ്മാണത്തില്‍ പരിശീലനം നല്കി മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കി.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് മുഖന 100 പേര്‍ക്ക് പോലീസ്, എക്സൈസ് വകുപ്പുകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി നിയമനം നല്കി. ഈ വര്‍ഷം 125 പേര്‍ക്ക് കൂടി നിയമനം നല്കാന് നടപടി പൂര്‍ത്തിയായി വരുന്നു. പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളില്‍ പുതുതായി 100 വാച്ച്മാന് തസ്തികകള്‍ സൃഷ്ടിച്ച് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നിയമനം നല്കി.
ഈ സര്‍ക്കാര്‍ അധികാരം ഏല്ക്കുമ്പോള് 13321 ഭൂരഹിത കുടുംബങ്ങളാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. അതില്‍ 2824 പേര്‍ക്ക് ഈ സര്‍ക്കാര്‍ 3123.62 ഏക്കര്‍ ഭൂമി വിതരണം ചെയ്തു കഴിഞ്ഞു. ശേഷിക്കുന്ന 10497 ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിച്ചുവരുന്നു. 1675 പേര്‍ക്ക് ആര്.ഒ.ആര് വനാവകാശ പ്രകാരവും 2000 പേര്‍ക്ക് സുപ്രീംകോടതി വിധി പ്രകാരം ലഭിച്ചതും സര്‍വ്വെ പൂര്‍ത്തീകരിച്ചതുമായ ഭൂമി മൂന്ന് മാസത്തുനുള്ളില്‍ വിതരണം ചെയ്യും. 700 ഓളം പേര്‍ക്ക് ഭൂമി വാങ്ങുന്ന പദ്ധതിയായ ലാന്റ് ബാങ്ക് പ്രകാരം ഭൂമി വാങ്ങി നല്കുന്ന നടപടി അന്തിഘട്ടത്തിലാണ്. ഇതിനുപുറമെ വനാവകാശ പ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായ 2000 അപേക്ഷകളില്‍ തീരുമാനം കൈക്കൊള്ളും. സൂപ്രീംകോടതി വിധി പ്രകാരം ലഭിച്ച 4000 ഏക്കര്‍ നിക്ഷിപ്ത വനഭൂമി സര്‍വ്വെ പൂര്‍ത്തീകരിച്ച് സമയബന്ധിതമായി വിതരണം ചെയ്ത് ഭൂപ്രശ്നം പരിഹരിക്കും.
വയനാട്ടില്‍ 241 ഉം അട്ടപ്പാടിയില്‍ 26 ഉം മെന്റര്‍ ടീച്ചര്‍മാരെയാണ് ഒന്നാം ക്ലാസിലെ കുട്ടികളേയും അധ്യാപകരേയും സഹായിക്കുവാന്‍ നിയമിച്ചത്. മറ്റു പട്ടികവര്‍ഗ്ഗ മേഖലകളിലേക്ക് കൂടി ഈ പദ്ധതി വ്യാപിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. വൈകുന്നേരങ്ങളില്‍ ഊരുകളിലെ കുട്ടികള്‍ക്കെല്ലാം ഒരുമിച്ചിരുന്ന് പഠിക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും വേണ്ടിയാണ് സാമൂഹ്യ പഠനമുറികള്‍ ആരംഭിച്ചത്. ഇവിടെയും അധ്യാപകരെ നിയമിച്ചിട്ടുണ്ട്. 500 സാമൂഹ്യ പഠനമുറികളാണ് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ 178 സാമൂഹ്യ പഠനമുറികള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.