ശനിയാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസില്‍   നടന്ന പട്ടികജാതി വികസന ഉപദേശക സമിതി യോഗത്തില്‍ മന്ത്രി എ കെ ബാലന്‍ അറിയിച്ചതാണിത്. 201819 സാമ്പത്തിക വര്‍ഷത്തില്‍  വകുപ്പിന് അനുവദിക്കപ്പെട്ട പദ്ധതി വിഹിതമായ 1241.33 കോടിയില്‍ 1115.93 കോടി ചെലവഴിച്ചു. അതായത് 93 ശതമാനം. ഭവനനിര്‍മ്മാണ ധനസഹായം പൂര്‍ണമായി കൈപ്പറ്റിയിട്ടും വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും സ്വന്തം നിലയില്‍ പ്രവൃത്തി ആരംഭിച്ച് വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കാനുള്ള  പദ്ധതിയില്‍ തുക ഒന്നര ലക്ഷമായി  ഉയര്‍ത്തുന്നതിന്  ധനവകുപ്പിന്‍റെ അനുമതി തേടിയിട്ടുണ്ട്.  10,000 പേരെ ഈ വര്‍ഷം ആനുകൂല്യത്തിനായി തെരഞ്ഞെടുക്കുവാനാണ് ലക്ഷ്യമിടുന്നത്.

201617 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച സ്കില്‍ ഡവലപ്മെന്‍റ് ട്രെയിനിങ്ങുകളുടെ ഫലമായി  കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 234 പേര്‍ക്ക് വിദേശരാജ്യങ്ങളിലും 2500 പേര്‍ക്ക് ഇന്ത്യക്കകത്തും വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കി.  പാലക്കാട് വടക്കഞ്ചേരിയില്‍ പുതുതായി ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.  70 കുട്ടികള്‍ക്കാണ് ഇവിടെ പഠനസൗകര്യം ഒരുക്കിയിട്ടുള്ളത്. സമാനമായ ഒരു സ്ഥാപനം കല്‍പ്പറ്റയിലും ആരംഭിക്കുവാന്‍ നടപടി പൂര്‍ത്തിയായി വരുന്നു.  30 പട്ടികവിഭാഗം കുട്ടികള്‍ക്ക് ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടുന്നതിനുള്ള ഒരു പുതിയ സ്ഥാപനം മണ്ണന്തലയില്‍ ആരംഭിക്കുകയാണ്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്‍റെ സാങ്കേതിക സഹായത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്.

ഇതിന് പുറമെ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി പട്ടികവര്‍ഗ  ഫെഡറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 15000 പേര്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള സഹായം  നല്‍കി.  ചെറുകിട പരമ്പരാഗത ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സൗകര്യമൊരുക്കി. പരീക്ഷണ ഘട്ടത്തില്‍ തന്നെ 60 ഓളം ഉല്‍പ്പന്നങ്ങളുടെ വിപണനം നടന്നുകഴിഞ്ഞു.  ഗദ്ദിക എന്ന ബ്രാന്‍ഡിലാണ് ആമസോണ്‍ മുഖേന വിപണനം നടക്കുന്നത്.

മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച  സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ എന്ന പദ്ധതിയില്‍  206 പട്ടികജാതി സങ്കേതങ്ങള്‍ 2012-13, 2013-14 വര്‍ഷങ്ങളില്‍ സമഗ്രവികസനത്തിനായി തെരഞ്ഞെടുത്തിരുന്നു. ഒന്ന് പോലും നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ശക്തമായ മോണിറ്ററിംഗ് നടത്തിയതിന്‍റെ ഫലമായി 160 കോളനികളുടെ വികസനം പൂര്‍ത്തിയാക്കി. വിജിലന്‍സ് കേസ് ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്ന അപൂര്‍വ്വം കോളനികളില്‍ മാത്രമേ ഇപ്പോള്‍ പ്രവൃത്തി മുടങ്ങിക്കിടക്കുന്നുള്ളു.

രാജ്യത്ത് ആദ്യമായി പട്ടികജാതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നു. എല്‍ഐസിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന വാത്സല്യനിധി എന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 1,39,000 രൂപ ഒരു കുട്ടിയുടെ പേരില്‍ സര്‍ക്കാര്‍ നിക്ഷേപിക്കുകയാണ്. കുട്ടിക്കും രക്ഷിതാക്കള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുന്നു എന്നതിന് പുറമെ കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ 3 ലക്ഷം രൂപ മെച്യൂരിറ്റി ബെനിഫിറ്റ് ലഭിക്കുകയും ചെയ്യും. 6624 കുടുംബങ്ങള്‍ ഇതിനകം ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു.

500 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 2020 മാര്‍ച്ചിന് മുന്‍പായി ഇവ പൂര്‍ത്തീകരികാണാന് ലക്ഷ്യമിടുന്നത്.  കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച പാലക്കാട് മെഡിക്കല്‍ കോളേജിന്‍റെ അക്കാദമിക് ബ്ലോക്ക് പൂര്‍ത്തിയാക്കി ഈ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു. 340 കോടി രൂപയുടെ ആശുപത്രി ബ്ലോക്ക് നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരം അഫിലിയേഷന്‍ ലഭിച്ചു എന്നതാന് പ്രധാന നേട്ടമെന്നു മന്ത്രി പറഞ്ഞു.

ചര്‍ച്ചയില്‍ ഉപദേശക സമിതി അംഗങ്ങള്‍ പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.