പാലക്കാട് മെഡിക്കല്‍ കോളേജിലെ അവശേഷിക്കുന്ന നിര്‍മാണ, അനുബന്ധ സൗകര്യ പ്രവൃത്തികളും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി 2020 ഡിസംബറോടു കൂടി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ മുഖ്യമന്ത്രിയുടെ നിയസഭാ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം, ആശുപത്രിക്കു വേണ്ട ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, വൈദ്യുതി, വെള്ളം എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരു ത്താനുള്ള പ്രവൃത്തികള്‍ എന്നിവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
ഒട്ടേറെ നിയമ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന് സ്ഥിരാംഗീകാരം നേടിയെടുത്തതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആശുപത്രി ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തേണ്ടതുണ്ടെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി ശ്രീ. എ. കെ. ബാലന്‍ യോഗത്തില്‍ പറഞ്ഞു. ഇനിയും പൂര്‍ത്തിയാക്കാനുള്ള നിര്‍മാണ പ്രവൃത്തികളുടെ തടസ്സങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടത്തണമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ന്യുമാറ്റിക് ട്യൂബ് സിസ്റ്റം, മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കും. ഇപ്പോഴുള്ള ജലവിതരണ പദ്ധതിക്ക് പുറമെ പുതിയ ശുദ്ധജല പദ്ധതിയും നടപ്പാക്കും.
യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ കെ ശൈലജ ടീച്ചര്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ . ജി സുധാകരന്‍, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ . കെ കൃഷ്ണന്‍കുട്ടി, വിവിധ വകുപ്പ് മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.