2019 ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവം വന്‍വിജയമാക്കുന്നതിന് ചേര്‍ന്ന സംഘാടകസമിതിയോഗം ഉദ്ഘാടനം ചെയ്തു. സഹകരണം, ടുറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവംകൂടിയായ അന്താരാഷ്ട്ര ചലച്ചിത്രമേള ലോകത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളകളില്‍ ഒന്നാണ്. മുന്‍കാലങ്ങളെപ്പോലെതന്നെ കൂട്ടായ പ്രവര്‍ത്തനവും സംഘാടനവും ഈ വര്‍ഷവും നാം ഉറപ്പു വരുത്തണം.

ഡെലിഗേറ്റ് ഫീസ് 1000 രൂപ

കഴിഞ്ഞ വര്‍ഷം 2000 രൂപയായിരുന്ന ഡെലിഗേറ്റ് ഫീസ് ഈ വര്‍ഷം 1000 രൂപയായി കുറച്ചിട്ടുണ്ട്. പതിനായിരം പാസുകളാണ് ഈ വര്‍ഷം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഡിസംബര്‍ 6ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി.

ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സൊളാനസിന്

മൂന്നാംലോക സിനിമ എന്ന വിപ്ളവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായക പ്രതിഭയാണ് സൊളാനസ്. അര്‍ജന്റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകര്‍ത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യല്‍ ജെനോസൈഡ്’ പോലുള്ള രാഷ്ട്രീയ ചിത്രങ്ങളിലൂടെ ചലച്ചിത്രചരിത്രത്തിലെ അതികായനായി മാറിയ സൊളാനസിന് ഈ പുരസ്‌കാരം നല്‍കി ആദരിക്കുന്നതില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. അത് അക്കാദമി മുന്നോട്ടുവെയ്ക്കുന്ന പുരോഗമനപരമായ രാഷ്ട്രീയനിലപാടിന്റെ പ്രഖ്യാപനം കൂടിയാണ്.

അടുത്ത വര്‍ഷം ഐ.എഫ്.എഫ്.കെയുടെ സില്‍വര്‍ ജൂബിലി വര്‍ഷമാണ്. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിന് വലിയ തോതിലുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും ആവശ്യമാണ്. അതിനായുള്ള ഒരുക്കങ്ങളും 24-ാമത് ചലച്ചിത്രമേളയോടൊപ്പം തുടങ്ങേണ്ടതുണ്ട്. ഈ മേള വന്‍ വിജയമാക്കുന്നതിന് എല്ലാവരോടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.