കേരള സര്‍ക്കാരും സൗദി സര്‍ക്കാരും സഹകരിച്ച് നടത്തുന്ന ഏറ്റവും വലിയ  സാംസ്കാരിക വിനിമയോത്സവം ‘അഹ്ലന്‍ കേരള’യില്‍ മന്ത്രി എ കെ ബാലന്‍ വെള്ളിയാഴ്ച പങ്കെടുക്കും. കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്‍, ഗള്‍ഫ് മാധ്യമം, എക്സ്പോ ഹൊറൈസണ്‍ എന്നിവയുമായി സഹകരിച്ചാണ് സൗദി സര്‍ക്കാരിന്‍റെ അനുമതിയോടെ ഈ സാംസ്കാരിക വിനിമയ പരിപാടി നടത്തുന്നത്. സൗദി അറേബ്യയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ സാംസ്കാരിക വിനിമയ പരിപാടിയാണിത്.

റിയാദ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്സിബിഷന്‍ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. കേരളത്തിന്‍റെ വിവിധ കലാരൂപങ്ങളാാണ് സാംസ്കാരികോത്സവത്തിലെ പ്രധാന ആകര്‍ഷണം. വ്യാപാര മേഖലയിലെ പുതു സാധ്യതകള്‍ ഉപയോഗപ്പെടുത്താനും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും സൗദി വിപണിയില്‍ എത്തിക്കാനും മാര്‍ഗമൊരുക്കുന്ന ബിസിനസ് കോണ്‍ക്ലേവ്, സാംസ്കാരിക-വിനോദസഞ്ചാര-വ്യാപാര പ്രദര്‍ശനങ്ങള്‍, ഭക്ഷ്യമേള എന്നിവയും  ഒരുക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ക്ലാസിക്കല്‍, ഗോത്ര, അനുഷ്ഠാന, നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും  കേരളത്തിന്‍റെ തനതായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യും. സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികളെല്ലാം രണ്ട് ദിവസത്തെ പരിപാടിയില്‍ അണിചേരുന്നുണ്ട്.

വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക വിനിമയ ചര്‍ച്ച ഉദ്ഘാടനം ചെയ്യാനാണ് സാംസ്കാരിക മന്ത്രി സൗദിയിലെത്തിയത്. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ മന്ത്രിക്ക് പുറമെ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സദാശിവന്‍ നായര്‍, ടി കെ ഫറൂഖ്, മുഹമ്മദ് അബ്ദുള്‍ അസീസ് അല്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംരംഭകത്വം, മെഡിക്കല്‍ ടൂറിസം എന്നിവയില്‍ സെമിനാര്‍ നടക്കും. ഇന്‍ഡോ-അറബ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും ഉണ്ടാകും.

2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് വിനോദ സഞ്ചാര രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിന്‍റെ ഭാഗമായി സൗദി ജനതയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ‘അഹ്ലന്‍ കേരള’ അഥവാ കേരളത്തിലേക്ക് സ്വാഗതം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന് വിനോദസഞ്ചാര, സാംസ്കാരിക വിനിമയ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത് ആദ്യമായാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളസൃഷ്ടിക്ക് ഏറെ സാധ്യതകള്‍ തുറന്നിടുന്ന ഒരു മേളയായിരിക്കും ഇത്.