നിയമസഭാ ചട്ടം 62 പ്രകാരം ശ്രീ. ബി. സത്യന്‍ എം.എല്‍.എ
ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍  പ്രമേയത്തിനുള്ള മറുപടി

സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയിരുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏകോപിപ്പിച്ച് ഭവനരഹിതര്‍ക്ക് ഭവനം ഉറപ്പാക്കുന്നതിനാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് പട്ടികജാതി വികസന വകുപ്പ് മുഖേന 23801 വീടുകളും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന 6709 വീടുകളും അനുവദിക്കുകയുണ്ടായി. 2018-19 മുതല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്‍ മുഖേനയാണ് ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം അനുവദിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ഫണ്ട് ലൈഫ് മിഷന് കൈമാറു കയാണ് ചെയ്യുന്നത്. 9650 പട്ടികജാതി കുടുംബങ്ങള്‍ക്കും 3207 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ലൈഫ്മിഷന്‍ മുഖേന വീടുകള്‍ അനുവദിച്ചു കഴിഞ്ഞു.

ലൈഫ് മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തതും വിവിധ പദ്ധതികളി ലൂടെ നിര്‍മ്മാണം ആരംഭിച്ച് വാസയോഗ്യമാക്കുവാന്‍ കഴിയാതെപോയതുമായ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഒന്നര ലക്ഷം രൂപ അനുവദിക്കുന്ന ഒരു പുതിയ പദ്ധതി പട്ടികജാതി വികസന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞ രണ്ട് വിഭാഗങ്ങളിലും ഉള്‍പ്പെടാത്തതും കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായതുമായ  വീടുകളുടെ കാര്യമാണ്  ഇവിടെ ഉന്നയിച്ചിരിക്കുന്നത്.  വാസയോഗ്യമായ ഭവനം ഇല്ലാതിരുന്നിട്ടും ലൈഫ് മിഷന്‍റെ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ വിഭാഗമാണിത്. അത്തരത്തിലുള്ള 39902 പട്ടികജാതി വിഭാഗക്കാരുടേയും 20087 പട്ടികവര്‍ഗ്ഗ വിഭാഗ ക്കാരുടേയും വീടുകളുടെ ലിസ്റ്റ് ലൈഫ് മിഷന് കൈമാറിയിട്ടുണ്ട്. ഇവര്‍ക്ക് വീട് അനുവദിക്കുന്നതിന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതാണ്.