തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി സൗദിയുടെ മണ്ണില്‍ കേരളത്തിന്‍റെ സാംസ്കാരികോത്സവം. നവമ്പര്‍ 7, 8 തീയതികളില്‍ നടന്ന സാംസ്കാരികോത്സവം സൗദിയില്‍ ഇത്തരത്തിലുള്ള ആദ്യ പരിപാടിയായി.

കേരള സര്‍ക്കാരും സൗദി സര്‍ക്കാരും സഹകരിച്ച് നടത്തുന്ന ഏറ്റവും വലിയ  സാംസ്കാരിക വിനിമയോത്സവമായി  ‘അഹ്ലന്‍ കേരള’ മാറി. കേരള സാംസ്കാരിക മന്ത്രി എ കെ ബാലന്‍ വെള്ളിയാഴ്ച പങ്കെടുത്തു. കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്‍, ഗള്‍ഫ് മാധ്യമം, എക്സ്പോ ഹൊറൈസണ്‍ എന്നിവയുമായി സഹകരിച്ചാണ് സൗദി സര്‍ക്കാരിന്‍റെ അനുമതിയോടെ ‘സാംസ്കാരിക വിനിമയ പരിപാടി നടത്തിയത്. സൗദി അറേബ്യയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ സാംസ്കാരിക വിനിമയ പരിപാടിയാണിത്.
റിയാദ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്സിബിഷന്‍ സെന്‍ററില്‍ നടന്ന  പരിപാടിയില്‍  കേരളത്തിന്‍റെ ക്ലാസിക്കല്‍, ഗോത്ര, അനുഷ്ഠാന, നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും  കേരളത്തിന്‍റെ തനതായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. ബിസിനസ് കോണ്‍ക്ലേവ്, സാംസ്കാരിക-വിനോദസഞ്ചാര-വ്യാപാര പ്രദര്‍ശനങ്ങള്‍, ഭക്ഷ്യമേള എന്നിവയും  ഒരുക്കിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നടന്ന  സാംസ്കാരിക വിനിമയ ചര്‍ച്ച  സാംസ്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സദാശിവന്‍ നായര്‍, ടി കെ ഫറൂഖ്, മുഹമ്മദ് അബ്ദുള്‍ അസീസ് അല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സംരംഭകത്വം, മെഡിക്കല്‍ ടൂറിസം എന്നിവയില്‍ സെമിനാര്‍ നടന്നു. ഇന്‍ഡോ-അറബ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു.
2019 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് വിനോദ സഞ്ചാര രംഗത്തും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുുന്നു. അതിന്‍റെ ഭാഗമായാണ് സൗദി ജനതയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാന്‍ കൂടി ലക്ഷ്യമിട്ട് ‘അഹ്ലന്‍ കേരള’ എന്ന പരിപാടി സംഘടിപ്പിച്ചത്.
Please follow and like us:
0