ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ സാമ്പത്തികമായും വിദ്യാഭ്യാസപരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്താനായി ഒരു കമ്മീഷനെ നിയിക്കണമെന്നാണ് ഈ സബ്മിഷനിലൂടെ ആവശ്യപ്പെടുന്നത്.
നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിന് ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തോടൊപ്പം ചേര്‍ത്ത് 3% സംവരണവും ആര്‍ട്‌സ് & സയന്‍സ് കോഴ്‌സുകളുടെ പ്രവേശനത്തിനും മെഡിക്കല്‍-പോസ്റ്റ് ഗ്രാഡുവേഷന്‍ കോഴ്‌സുകളുടെ പ്രവേശനത്തിനും SIUC വിഭാഗത്തോടൊപ്പം ചേര്‍ത്ത് 1% സംവരണം അനുവദിക്കുന്നുണ്ട്. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ്/ലാസ്റ്റ് ഗ്രേഡ് ഇതര തസ്തികകളില്‍ ആംഗ്ലോ – ഇന്ത്യന്‍ വിഭാഗത്തോടൊപ്പം ചേര്‍ത്ത് 4% സംവരണം ഈ വിഭാഗക്കാര്‍ക്ക് അനുവദിക്കുന്നുണ്ട്.
സംസ്ഥാന OBC പട്ടികയില്‍ ക്രമ നമ്പര്‍ 42 ആയും കേന്ദ്ര OBC പട്ടികയില്‍ ക്രമ നമ്പര്‍ 37 ആയും ഉള്‍പ്പെട്ടിട്ടുള്ള ലത്തിന്‍ കത്തോലിക്ക സമുദായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പകള്‍ എന്നിവയുടെ പ്രയോജനം ലഭ്യമാണ്. ഇത് കൂടാതെ സര്‍ക്കാര്‍ സര്‍വ്വീസിലെ OBC വിഭാഗങ്ങളുടെ പ്രാതിനിധ്യം വിലയിരുത്തുന്നതിനായി ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.
മേല്‍പറഞ്ഞ കാരണങ്ങളാല്‍ ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരുടെ പിന്നാക്കാവസ്ഥ പ്രത്യേകം പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല.