ഒരാളുടെ വ്യക്തിത്വം നല്ലരീതിയിൽ വികസിപ്പിക്കാൻ കഴിയുന്ന മേഖലയാണ് മാധ്യമ മേഖലയെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്ന് ഈ മേഖലയിലേക്ക് ആളുകൾ കടന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബുമായി സഹകരിച്ച് പട്ടികജാതി വികസനവകുപ്പ് ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സിന്റെ ഉദ്ഘാടനം നിവഹിക്കുകയായിരുന്നു മന്ത്രി. മറ്റു വിഭാഗങ്ങളെപോലെയല്ല ഈ രാജ്യത്ത് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർ. ഭൂമിയിൽ നിന്നും തൊഴിലിൽനിന്നും ഉള്ള വരുമാനം ഈ വിഭാഗത്തിന് മറ്റുളളവരെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ സാഹചര്യത്തിൽ മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.

നഴ്സറി മുതൽ മെഡിക്കൽ കോളേജ് വരെ വകുപ്പിന്റെ കീഴിലുണ്ട്. പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സൗകര്യവും നൽകുന്നു. ഇന്ത്യക്കകത്തും പുറത്തുമായി തൊഴിൽ നൈപുണ്യ വികസനത്തിന് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കുന്നു. 300 ഓളം വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് അക്കാദമി വഴി അഞ്ച് കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. പ്രീ-എക്‌സാമിനേഷൻ സെന്ററുകളിൽ  മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പാകപ്പെടുത്തുന്നതിനുള്ള പ്രവർത്തനവും വകുപ്പ് നടത്തുന്നു. വകുപ്പിന്റെ ആകെ പദ്ധതി വിഹിതത്തിൽ നാൽപ്പത് ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിക്കുന്നത്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപയോളം സഹായം നൽകുന്നുണ്ട്. ഇത്തരത്തിൽ 30 വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. വിദേശങ്ങളിലെ തൊഴിൽ മേഖലകളിലുള്ള സാധ്യതകൾ മനസ്സിലാക്കിയുള്ള റിക്രൂട്ട്‌മെന്റും  ഉത്തരവാദിത്തത്തോടെ പട്ടികജാതി വികസന വകുപ്പ് നടത്തുന്നുണ്ട്. 300 ഓളം പേർക്ക് നിയമനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തനത്തിലെ പുതിയ രീതികൾ എന്ന വിഷയത്തിൽ കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് വിദ്യാർത്ഥികളോടു സംവദിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് സ്വാഗതം പറഞ്ഞു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ കൃതജ്ഞത രേഖപ്പെടുത്തി. തിരുവനന്തപുരം പ്രസ്സ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, തിരുവനന്തപുരം പ്രസ്സ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ ഋഷി കെ .മനോജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.