ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ കേരള സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

ശൈവ വെള്ളാള സമുദായത്തെ പ്രതിനിധീകരിച്ച് വിവിധ സംഘടനകള്‍ ആ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. കമ്മീഷന്‍ ഇവ പരിശോധിച്ചതിന്റേയും തെളിവെടുപ്പ് നടത്തിയതിന്റേയും അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരക്കുള വെള്ളാള, കര്‍ക്കാര്‍ത്ത വെളളാള, ചോയിയ വെള്ളാള, പിള്ളൈ) സമുദായം പിന്നാക്കവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഈ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശശിധരനും കമ്മീഷന്‍ അംഗം ഡോ. എ.വി. ജോര്‍ജ്ജും ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലനെ നേരില്‍കണ്ട് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.