പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കിര്‍ത്താഡ്‌സ് എന്നിവ സംയുക്തമായി മാവേലിക്കരയില്‍ സംഘടിപ്പിച്ച ‘ഗദ്ദിക’ക്ക് തിരശ്ശീല വീണു. കേരളത്തിന്റെ തനതായ നാടന്‍ കലകളെ ഉള്‍പ്പെടുത്തിയകലാമേളയും പരമ്പരാഗത കരകൗശല ഉല്‍പ്പന്നങ്ങളുടെപ്രദര്‍ശന വിപണന മേളയുമാണ്ഡിസംബര്‍ 3 മുതല്‍ 12 വരെ നടന്നത്. 10 ദിവസംനീണ്ടുനിന്ന മേളയില്‍ ഒന്നര ലക്ഷത്തോളം പേര്‍ എത്തിയെന്ന് കണക്കാക്കുന്നു.
ഡിസംബര്‍ മൂന്നിന് ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനാണ് മേള ഉദ്ഘാടനം ചെയ്തത്. പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ അധ്യക്ഷനായി. പരമ്പരാഗത വിഭവങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലോകത്തെവിടെയും ലഭ്യമാക്കാന്‍ ആമസോണുമായി ചേര്‍ന്ന് പ്രത്യക സംവിധാനം ഏര്‍പ്പെടുത്തിയതിന്റെഉദ്ഘാടനവും ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. 200 ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വഴി വാങ്ങാന്‍ കഴിയുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏഴ് ഗദ്ദിക മേളകളാണ് നടന്നത്. ഏഴാമത്തേതാണ്മാവേലിക്കരയില്‍ സംഘടിപ്പിച്ചത്.മുന്‍ വര്‍ഷങ്ങളില്‍ ഓരോ ഗദ്ദികയിലും ശരാശരി 40 ലക്ഷം രൂപയുടെ വിറ്റുവരവ് 10 ദിവസം കൊണ്ടുണ്ടായിരുന്നു. ഇത്തവണ53 .5 ലക്ഷം രൂപയുടെ വില്‍പനയാണ് നടന്നത്.
ആയിരത്തോളം വ്യാപാരികളും കലാകാരന്മാരും കലാകാരികളുംഗദ്ദിക മേളയില്‍ വ്യത്യസ്ത ദിവസങ്ങളിലായി പങ്കെടുത്തു. വിറ്റുവരവ് പൂര്‍ണ്ണമായും ഉല്‍പ്പാദകര്‍ക്ക് ലഭിക്കുന്നു എന്നതാണ് ഗദ്ദികമേളയുടെ സവിശേഷത.പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് 60 സ്റ്റാളുകളും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നുള്ള സംരംഭകര്‍ക്ക് 20 സ്റ്റാളുകളും ഒരുക്കിയിരുന്നു. ഗോത്ര ഭക്ഷ്യമേള, ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ചികിത്സാരീതികള്‍, ആവിക്കുളി എന്നിവ ധാരാളം പേരെ ആകര്‍ഷിച്ചു. കിര്‍ത്താഡ്സ് ഒരുക്കിയ എത്‌നിക് മ്യൂസിയവും ശ്രദ്ധേയമായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും പദ്ധതികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരാന്‍ പ്രദര്‍ശനങ്ങളും ഒരുക്കിയിരുന്നു. എല്ലാ ദിവസങ്ങളിലും ഗോത്ര കലാരൂപങ്ങളടക്കമുള്ള കലാപരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും നടന്നു.
ഡിസംബര്‍ 12ന് സമാപന സമ്മേളനംപട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ശ്രീ.എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷനായി.