ചെന്നൈ കേരള സമാജത്തിൽ മൂന്ന് ദിവസത്തെ കേരള- തമിഴ്നാട് സാംസ്കാരിക വിനിമയ വിരുന്നിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തമിഴ്നാട് സാംസ്കാരിക വകുപ്പ് മന്ത്രി കെ. പാണ്ഡ്യരാജനാണ് കേരളത്തിലെ സാംസ്കാരിക വകുപ്പിന്റെ പ്രവർത്തനങ്ങളെ മാതൃകയാക്കുമെന്ന് പ്രഖ്യാപിച്ചത്. മലയാളം മിഷൻ, ജില്ലകളിലെ നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങൾ എന്നിവ തമിഴ്നാട്ടിലും നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരള സർക്കാർ ചെന്നൈയിൽ നടത്തുന്ന സാംസ്കാരിക വിനിമയ പരിപാടിയുടെ മാതൃകയിൽ കേരളത്തിൽ തമിഴ്നാട് സർക്കാരും സാംസ്കാരിക വിനിമയ ഉത്സവം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കേരളവും തമിഴ്നാടുമായുള്ള സാമൂഹ്യ-സാംസ്കാരിക ബന്ധങ്ങളുടെ ചരിത്രവും വർത്തമാനവും സ്പർശിച്ച അദ്ദേഹത്തിന്റെ പ്രസംഗം സശ്രദ്ധം സദസ്സ് കേട്ടിരുന്നു. സംഗീതവും സിനിമയുമായുള്ള അടുപ്പം വിശദീകരിച്ച് അദ്ദേഹം പാട്ട് പാടുകയും ചെയ്തു. പട്ടണം, കീളടി ഉൽഖനന ഫലങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് ഇരു സംസ്ഥാനങ്ങളുടെയും ചരിത്ര, സാംസ്കാരിക ഉദ്ഗ്രഥനം വളർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവന്ദനം പരിപാടിയിൽ ആദരം ഏറ്റുവാങ്ങിയ ഉർവശി ശാരദ, ഗായിക ബി വസന്ത, ഗായിക കെ എസ് ചിത്ര, ഗായകൻ ഉണ്ണി മേനോൻ എന്നിവർ സദസിനെ കയ്യിലെടുക്കുക തന്നെ ചെയ്തു. തുലാഭാരം സിനിമയില്ലായിരുന്നെങ്കിൽ ഉർവശി ശാരദയും ഉണ്ടാകുമായിരുന്നില്ലെന്നാണ് ശാരദ പറഞ്ഞത്. യവന സുന്ദരീ സ്വീകരിക്കുകീ എന്ന ഗാനം പാടിയ ബി വസന്ത ഗൃഹാതുരത്വം ഉണർത്തി. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ’ എന്ന ഗാനമാണ് കെ എസ് ചിത്ര പാടിയത്. ഉണ്ണിമേനോൻ തന്റെ പ്രശസ്തമായ ‘ ഒരു ചെമ്പനീർ പൂവിറുത്ത് ‘ എന്ന ഗാനവും പാടി.