കേരളത്തിന്റെ ഗോത്ര സംസ്കാര പാരമ്പര്യങ്ങളുടെ കരുതലുകൾ നിറച്ച് ഗദ്ദിക- 2020 മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെയും കിർത്താഡ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ 10 ദിവസം നീളുന്ന മേള ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്താൻ അവസരം ലഭിച്ചു. ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത് വ്യത്യസ്തമായ ഒരു പ്രാർഥനാഗാനത്തോടെയായിരുന്നു. വയനാട്ടിലെ വേട്ടക്കുറുമ ഗോത്ര വിഭാഗത്തിലെ സിന്ധു കൃഷ്ണദാസ് പാടിയ അനുഷ്ഠാന ഗാനമായിരുന്നു പ്രാർഥന. സദസ് വലിയ കയ്യടിയോടെയാണ് ഇത് സ്വീകരിച്ചത്.

കണ്ണൂർ ജില്ലയിലെയും സമീപ ജില്ലകളിലെയും നിരവധി പേർ ഉദ്ഘാടന ചടങ്ങിനെത്തി. പട്ടികജാതി, പട്ടികവർഗ ജനവിഭാഗങ്ങളുടെ കലകളുടെ അവതരണവും അവരുടെ സവിശേഷ ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേളയുമാണ് ഗദ്ദിക നഗരിയിൽ നടക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും 80 സ്റ്റാളുകൾ ഗദ്ദിക നഗരിയിലുണ്ട്. ഇതിനു പുറമേ ആദിവാസി പാരമ്പര്യ വൈദ്യ സ്റ്റാളുകളും ഗോത്ര രുചികളുടെ സ്റ്റാളുകളും ഉണ്ട്.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നിരവധി വികസന പദ്ധതികളും ക്ഷേമ സംവിധാനങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ എന്നിവ ലഭ്യമാക്കി അവരെ സാമൂഹ്യമായും സാമ്പത്തികമായും സ്വയം ശാക്തീകരിക്കാനും സർക്കാർ ശ്രമിക്കുന്നു. ഒപ്പം അവരുടെ കല, കരകൗശലം എന്നിവയെ സംരക്ഷിക്കാനുള്ള നടപടികളും വേണം. അതിനായാണ് ഗദ്ദികക്ക് രൂപം നൽകിയത്. എത്രയോ കാലമായി ഈ വിഭാഗം ജനങ്ങളുടെ സവിശേഷമായ മികവുകളും ഉൽപ്പന്നങ്ങളും അധികമാരും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. അവയെ തെരഞ്ഞുപിടിച്ച് മികച്ച വേദിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് ഗദ്ദിക. ഗദ്ദിക നഗരിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. ഈ വിഭാഗങ്ങളുടെ സവിശേഷ കലകൾ ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സാംസ്കാരിക സമ്മേളനവുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ. കെ. ശൈലജ മുഖ്യാതിഥിയായിരുന്നു. തുറമുഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി വിപണനോദ്ഘാടനം നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ശ്രീമതി. സുമ ബാലകൃഷ്ണൻ, കെ കെ രാഗേഷ് എംപി, എംഎൽഎമാരായ ജയിംസ് മാത്യു, ടി വി രാജേഷ്, പട്ടികജാതി വികസന ഡയറക്ടർ ഡോ. പി പുകഴേന്തി, പട്ടികവർഗ വികസന ഡയറക്ടർ പി ഐ ശ്രീവിദ്യ, ജില്ലാ കലക്ടർ ടി. വി. സുഭാഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സഞ്ജയ് ഗാർഗ് സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ. വി. സുമേഷ് നന്ദിയും പറഞ്ഞു. ഗദ്ദിക മേള ഫെബ്രുവരി അഞ്ചിന് സമാപിക്കും .