ജില്ലയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടന്‍ കലാരൂപങ്ങളുടെ അവതരണങ്ങളുമാണ് മൂന്നാം ദിവസത്തെ പ്രത്യേകത. സാംസ്‌കാരികസായാഹ്നത്തിലെ പ്രഭാഷണങ്ങളും മികവുപുലര്‍ത്തി. ഓരോ ദിവസം കഴിയുന്തോറും ഗദ്ദിക വേദിയിലേക്ക് വര്‍ധിച്ച ജനകീയ പങ്കാളിത്തം പ്രകടമാവുകയാണ്. 13,46,609 രൂപയാണ് ആകെ വിറ്റുവരവ്. നാലാംദിവസം അരങ്ങേറിയ പരിപാടികളും അവതരണമികവുകൊണ്ട് വേറിട്ടതായിരുന്നു. നാടന്‍പാട്ട്, വട്ടക്കളി, പുല്ലാംകുഴല്‍ കരോക്കെ തുടങ്ങിയവ സദസ്സിന് ഏറെ പ്രിയപ്പെട്ടതായി. പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂരാണ് സാംസ്‌കാരിക സായാഹ്നത്തിലെ മുഖ്യാതിഥി. തുടര്‍ന്ന് കൊറഗ നൃത്തം, നാടന്‍കലാരൂപങ്ങളുടെ അവതരണം എന്നിവയ്ക്കുശേഷം തിരുവനന്തപുരം ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ വിഖ്യാതമായ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകവും അരങ്ങേറി. 20,14,427 രൂപയാണ് നാലാംദിവസമെത്തുമ്പോൾ ആകെ കളക്ഷൻ.