പോളണ്ടിലെ വിവിധ തൊഴില്‍ മേഖലകളില്‍ കേരളത്തില്‍ നിന്നുള്ള പട്ടികജാതി- പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് തൊഴിലവസരമൊരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലനെ പോളണ്ടിലേക്കു ക്ഷണിച്ചു. പോളണ്ടിലെ കത്തോവിസ് ചേംബര്‍ ഓഫ് കോമേഴ്സ് ആണ് മന്ത്രിയെ ക്ഷണിച്ചത്. ജനുവരി 15 ന് പോളിഷ് എംബസി ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ എന്നിവരുമായി ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പോളണ്ടില്‍ നിന്ന് ചര്‍ച്ചക്കുള്ള ക്ഷണം വന്നത്. ഫെബ്രുവരി 22 ന് പോളണ്ടിലെ സബ്രസെയില്‍ നടക്കുന്ന ചേംബര്‍ ഓഫ് കോമേഴ്സ് വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാനും ക്ഷണം ലഭിച്ചു. ഇവിടെ വെച്ച് ചര്‍ച്ച നടത്താമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്‍ഡ് സെക്രട്ടറി ക്ലൗഡിയുസ് കോര്‍സെവ്സ്കി, കത്തോവിസ് ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റും സ്ലോവേനിയ കോണ്‍സലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്‍റര്‍ ക്ലബ്ബിലെ വിദഗ്ധന്‍ മിഷേല്‍ വിസ്ലോവ്സ്കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി. എം. മിഥുന്‍ മോഹന്‍ എന്നിവരാണ് ജനുവരി 15 നു തിരുവനന്ത പുരത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പോളണ്ടിലെ നിരവധി തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പോളണ്ട് സംഘം അറിയിച്ചിരുന്നു. ഓട്ടോമൊബൈല്‍, നിര്‍മാണം, ഘന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷന്‍, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതല്‍ പേരെ ആവശ്യമുള്ളത്. ഏതൊക്കെ മേഖലകളില്‍ എത്ര വീതം തൊഴിലവസരം എന്ന കാര്യം സംബന്ധിച്ച് പോളണ്ടില്‍ വെച്ച് ചര്‍ച്ച ചെയ്യാമെന്നാണ് നിര്‍ദേശം. വിവിധ തൊഴില്‍ മേഖലകളില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുന്നുണ്ട്. പോളണ്ടിലെ തൊഴില്‍ അവസരങ്ങള്‍ക്കായി പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കില്‍ അത് പരമാവധി ഇന്ത്യയില്‍ തന്നെ നല്‍കും. അത് സാധ്യമായില്ലെങ്കില്‍ പോളണ്ടില്‍ നിന്നുള്ള പരിശീലക സംഘം കേരളത്തില്‍ വന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗ്രൂപ്പിന് പ്രത്യേക തൊഴില്‍ പരിശീലനം നല്‍കും. പരിശീലനം നേടുന്നവര്‍ കൂടുതല്‍ പേര്‍ക്ക് പിന്നീട് പരിശീലനം നല്‍കും. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് നല്‍കിയ പ്രത്യേക തൊഴില്‍ പരിശീലനം വഴി ഇതിനകം 383 പേര്‍ക്ക് വിദേശത്തും അയ്യായിരത്തിലധികം പേര്‍ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 700 പേര്‍ക്ക് കൂടി വിദേശത്ത് തൊഴില്‍ നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനു പുറമെയാണ് പോളണ്ടിലുള്ള തൊഴിലവസരങ്ങള്‍. വിദേശത്ത് തൊഴിലിനായി പോകുന്നതിന് പട്ടികജാതി-പട്ടികവര്‍ഗ ചെറുപ്പക്കാര്‍ക്ക് യാത്രാ രേഖകള്‍ തയ്യാറാക്കി വിമാന ടിക്കറ്റ് അടക്കം നല്‍കുന്നത് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പാണ്.