ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെയും ഡല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്രിവാളിനെയും സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അഭിനന്ദിച്ചു. വിനാശകരമായ വര്‍ഗീയരാഷ്ട്രീയത്തിനും ജനവിരുദ്ധമായ ഭരണനയങ്ങള്‍ക്കു മെതിരായ ജനങ്ങളുടെ ശക്തമായ വികാരമാണ് ബിജെപിക്ക് കനത്ത പരാജയം നല്‍കിയത്. ബിജെപിക്കെതിരെ മതനിരപേക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമം അട്ടിമറിച്ച കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം രാജ്യത്താകെയുള്ള ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്നതാണ്. രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ നടത്തിയ സാംസ്കാരികോ ത്സവം വന്‍ വിജയമാക്കുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സഹകരണം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ബഹു. ഡെല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്രിവാളും സംയുക്തമായാണ് സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തത്. ഡെല്‍ഹി സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിന് അദ്ദേഹത്തെ നേരില്‍ കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. വളരെ സ്നേഹോഷ്മളമായ സമീപനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് തുടര്‍ന്നും മികച്ച സേവനങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.