കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലയില്‍ ഭക്ഷണ ദൗര്‍ലഭ്യം ഇല്ലാതിരിക്കാന്‍ പ്രത്യേകം നടപടികള്‍ സ്വീകരിച്ചുവരികയാണ്. പട്ടികജാതി സങ്കേതങ്ങളില്‍ പൊതുസംവിധാനങ്ങളുടെ ഭാഗമായിത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി വികസന ഓഫീസര്‍മാര്‍ ഫീല്‍ഡ്തല പരിശോധന നടത്തി ആവശ്യക്കാരായ എല്ലാവര്‍ക്കും ഭക്ഷണം അഥവാ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നുണ്ട്.പട്ടികവര്‍ഗ്ഗ മേഖലയില്‍ നിന്ന് ചില പരാതികള്‍ ഉണ്ടായത് അപ്പപ്പോള്‍ പരിഹരിച്ചുവരികയാണ്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നേരത്തെ ആരംഭിക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്‍റെ കീഴിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സപ്ലൈകോ വഴിയുമാണ് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത്. സപ്ലൈകോ മുഖേന ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് ചില ജില്ലകളില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.പട്ടികവര്‍ഗ്ഗ മേഖലയില്‍ പ്രത്യേക ഫുഡ്കിറ്റ് വിതരണം ആരംഭിച്ചു. 1,44,944 കുടുംബങ്ങള്‍ക്കാണ് മൊത്തം കിറ്റുകള്‍ നല്‍കേണ്ടത്. 16,377 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു കഴിഞ്ഞു. അഞ്ചാം തീയ്യതിക്ക് മുന്‍പായി കിറ്റ് വിതരണം പൂര്‍ത്തിയാക്കുവാന്‍ ശ്രമിച്ചുവരികയാണ്.വിദൂര വനമേഖലകളിലെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ ആവശ്യമായ നിത്യോപയോഗ വസ്തുക്കളും മരുന്നുകളും മറ്റും വാങ്ങുന്നതിനും വനവിഭവങ്ങളും കാര്‍ഷികോത്പ്പന്നങ്ങളും വിറ്റഴിക്കുന്നതിനും വനംവകുപ്പിന്‍റെ സഹായം കൂടി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില സങ്കേതങ്ങളില്‍ കുടിവെള്ള ക്ഷാമം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിവെള്ളമെത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുവാന്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ആദിവാസി ഊരുകള്‍ പട്ടിണിയിലേക്ക് എന്ന തലക്കെട്ടില്‍ ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണ്. വാര്‍ത്തയില്‍ പറയുന്ന തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ഉള്‍വനത്തിലെ കൊളനികളില്‍ റേഷന്‍ നല്‍കുകയും ഭക്ഷ്യധാന്യങ്ങളും വൈദ്യസഹായവും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. മാതൃഭൂമിയില്‍ കൊമ്പ്രാങ്കല്ലിലെ ഒരു ആദിവാസി കുടുംബത്തിന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പ്രദേശത്ത് ഇങ്ങനെയൊരു കുടുംബം ഇല്ലെന്നാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ പ്രൊജക്ട് ഓഫീസറുടെ അന്വേഷണത്തില്‍ മനസിലായത്. ആദിവാസികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാന്‍ കൃത്യമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഇതുവരെ കൊറോണ രോഗബാധ ഉണ്ടായിട്ടില്ല. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തിയാല്‍ അപകടം ഒഴിവാക്കാം. അത്യാവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.