അന്തരിച്ച സംഗീത സംവിധായകൻ ശ്രീ. എം. കെ. അർജുനൻ്റെ ഭാര്യ ശ്രീമതി. ഭാരതിക്ക് പ്രതിമാസ പെൻഷൻ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ അറിയിച്ചു. അർജുനൻ മാസ്റ്ററുടെ ഭാര്യ ശ്രീമതി. ഭാരതിയെ പള്ളുരുത്തിയിലെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതിക്ക് പ്രതിമാസ പെൻഷൻ അനുവദിക്കണമെന്ന് ജോൺ ഫെർണാണ്ടസ് എം എൽ എ ആവശ്യപ്പെട്ടിരുന്നു. എം. കെ. അർജുനൻ മാസ്റ്ററുടെ ചികിത്സ ചെലവ് 26-11-2016 ലെ സർക്കാർ ഉത്തരവ് പ്രകാരം അദ്ദേഹം മരിക്കുന്നതു വരെ നൽകിയിരുന്നു. പെൻഷൻ്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.മലയാള നാടക, ചലച്ചിത്ര സംഗീത ശാഖകൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ സംഗീതജ്ഞനാണ് എം. കെ. അർജുനൻ. നാടകങ്ങൾക്ക് ഗാനങ്ങളൊരുക്കിയാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. 1968ൽ കറുത്ത പൗർണമി എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് സിനിമാ രംഗത്തെത്തിയത്‌.  നിരവധി മനോഹര ഗാനങ്ങൾ  അദ്ദേഹം സൃഷ്ടിച്ചു. ഭയാനകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.സാംസ്കാരിക വകുപ്പിൻ്റെ മന്ത്രിയായി ചുമതലയേറ്റശേഷം അർജുനൻ മാഷെ  എറണാകുളത്തെ വീട്ടിൽ പോയി കണ്ടിരുന്നു. പിന്നീട് 84-ാം പിറന്നാൾ സമയത്ത് നേരിട്ട് വിളിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം വഴി പോകുമ്പോൾ കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന് കഴിഞ്ഞില്ല. അദ്ദേഹത്തിൻ്റെ മരണ ദിവസം വീട്ടിലെത്താൻ കഴിഞ്ഞില്ല. കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുമായി പാലക്കാട്ടായിരുന്നു. ഇന്നാണ് അർജുനൻ മാസ്റ്ററുടെ വീട്ടിൽ എത്താൻ കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ ഭാര്യ,  മക്കൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ ആശ്വസിപ്പിച്ചു. മഹാനായ ആ കലാകാരൻ്റെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കേരള സമൂഹത്തിനുണ്ട്. – മന്ത്രി പറഞ്ഞു