കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും.

1. ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് ഇപ്പോള്‍ തങ്ങളുടെ സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനം കണ്ടെ ത്താന്‍ വൈഷമ്യം നേരിടുന്നുണ്ട്.  ഇത്  പരി ഹരിക്കുന്നതിന് വേണ്ടി പരമാവധി 5 ലക്ഷം രൂപ വരെ ആറ് ശതമാനം  വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനവായ്പ കോര്‍പ്പറേഷന്‍ അനുവദിക്കും. നിലവില്‍ കോര്‍പ്പറേഷനില്‍ നിന്ന് സ്വയംതൊഴില്‍ വായ്പ എടുത്ത സംരംഭകര്‍ക്കും ഈ വായ്പ ലഭിക്കും.  2020-21 സാമ്പത്തിക വര്‍ഷത്തില്‍ 100 കോടി രൂപ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

2. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘സുഭിക്ഷ കേരളം’പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാ സംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളര്‍ത്തല്‍, പശു/ആടുവളര്‍ത്തല്‍, പൗള്‍ട്രി ഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപവരെ അഞ്ചു ശതമാനം  വാര്‍ഷിക പലിശ നിരക്കില്‍ വ്യക്തിഗത വായ്പ ലഭ്യമാക്കും. സംരംഭകര്‍ക്ക് കൃഷി/ഫിഷറീസ്/ക്ഷീരവികസനം/മൃഗസംരക്ഷണം എന്നീ വകുപ്പുകളില്‍ നിന്നുമുള്ള അര്‍ഹതപ്പെട്ട സബ്‌സിഡി ആനുകൂല്യങ്ങളും ലഭ്യമാകും. 2020-21 സാമ്പത്തിക വര്‍ഷം 50 കോടി രൂപ പദ്ധതിക്കായി  വകയിരുത്തിയിട്ടുണ്ട്.

3. മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന എന്നീ പദ്ധതികള്‍ കോര്‍പ്പറേഷന്‍  നല്ല രീതയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളാണ്. കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്കാണ് ഈ വായ്പ അനുവദിക്കുന്നത്. കോവിഡ് 19 ന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഈ പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ രണ്ട്  കോടി രൂപയില്‍ നിന്നും മൂന്ന്  കോടി രൂപയായി വര്‍ദ്ധിപ്പിക്കും.  മൂന്ന്   മുതല്‍ നാല്  ശതമാനം വരെ വാര്‍ഷിക പലിശ നിരക്കിലാണ് സി.ഡി.എസ്സുകള്‍ക്ക് ഈ വായ്പ അനുവദിക്കുന്നത്.   കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെയും അംഗങ്ങള്‍ക്ക്  ഒരു ലക്ഷം രൂപ വരെയും ഈ വായ്പയില്‍ നിന്ന് അനുവദിക്കാന്‍ സി.ഡി.എസ്സുകള്‍ക്ക് സാധിക്കും.  2020-21 സാമ്പത്തിക വര്‍ഷം 210 കോടി രൂപയാണ് പദ്ധതിക്കായി  വകയിരുത്തിയിട്ടുള്ളത്.

4. വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങി വരുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റീ-ടേണ്‍.  6 മുതല്‍ 8 ശതമാനം  വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്  പദ്ധതി. അപേക്ഷകര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് 15 ദിവസത്തിനകം മുന്‍ഗണന നല്‍കി വായ്പ അനുവദിക്കും. സംസ്ഥാന നോര്‍ക്കാ വകുപ്പ് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം റീ-ടേണ്‍ പദ്ധതിക്ക് പരമാവധി മൂന്ന്  ലക്ഷം രൂപ മൂലധന സബ്‌സിഡിയും (15%) തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക ലഭ്യമാക്കും. ഈ പദ്ധതി പ്രകാരം  20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസി,  വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുകയാണെങ്കില്‍ തിരിച്ചടക്കേണ്ടി വരുന്നത് മുതലിനേക്കാളും കുറഞ്ഞ തുകയായ  18.5 ലക്ഷം രൂപ മാത്രമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 50 കോടി രൂപ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

മേല്‍ സൂചിപ്പിച്ച നാല്  പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ടിന്റെ ലഭ്യത ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ  വികസന ധനകാര്യ കോര്‍പ്പറേഷന്‍, ദേശീയ സഫായി കര്‍മ്മചാരീസ് ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നീ ഫണ്ടിങ്ങ് ഏജന്‍സികളില്‍ നിന്നും സ്വന്തം ഫണ്ടില്‍ നിന്നും കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ട് കാലതാമസമില്ലാതെ തന്നെ പദ്ധതി നടപ്പിലാക്കാന്‍ കോര്‍പ്പറേഷന് കഴിയും.

ഈ പദ്ധതികള്‍ പരമാവധി പേര്‍ പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എ കെ ബാലന്‍