നടനഗ്രാമത്തില്‍ കലാപരിശീലനം ഓണ്‍ലൈനില്‍
തിരുവനന്തപുരം: സാംസ്കാരികവകുപ്പിന് കീഴിലുള്ള വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഓണ്‍ലൈന്‍ സംവിധാനത്തില്‍ പുനഃരാരംഭിക്കുന്നു. ‘സര്‍ഗ്ഗയാനം’ എന്ന പേരില്‍ തുടങ്ങുന്ന പരിശീലനം സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലന് ജൂണ്‍ 3 ബുധനാഴ്ച ഉച്ചയ്ക്ക്12 മണിക്ക് സെക്രട്ടറിയേറ്റിലെ ചേംബറിൽ ഉദ്ഘാടനം ചെയ്യും.
കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്തുള്ളല്, വീണ, വയലിന്, മൃദംഗം, തബല, കീബോര്‍ഡ്, ഡ്രായിംഗ് & പെയിന്റിംഗ് എന്നീ കലകളില്‍ ജൂനിയര്‍, സീനിയര്‍ ബാച്ചുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം വീതം പരിശീലനം നൽകും. അതോടൊപ്പം വിവിധ ജില്ലകളില്‍ നിന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കേരളനടനം സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരിശീലനവും ഓണ്‍ലൈനില്‍ ബുധനാഴ്ച ആരംഭിക്കും.
നിലവില്‍ പരിശീലനത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ 300ലേറെ പേര് ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കും. സ്കൂള്‍ ക്ലാസുകള്‍ക്ക് തടസ്സമുണ്ടാകാത്ത വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. പുതുതായി പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പേരു രജിസ്റ്റര്‍ ചെയ്യാം.
നടനഗ്രാമത്തിലെ ദേശീയ നൃത്ത മ്യൂസിയം കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ കലാപരിശീലനത്തിന് നൂതന സംവിധാനങ്ങള്‍ ഒരുക്കിയത്.