സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള വട്ടിയൂര്‍കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ ആരംഭിച്ച സര്‍ഗയാനം ഓണ്‍ലൈന്‍ കലാപരിശീലനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചേംബറില്‍ നടന്ന ചടങ്ങില്‍ നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ സി വിക്രമന്‍, സെക്രട്ടറി സുദര്‍ശന്‍ കുന്നത്തുകാല്‍ എന്നിവര്‍ പങ്കെടുത്തു.

കേരളനടനം മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടന്‍തുള്ളല്‍, വീണ, വയലിന്‍, മൃദംഗം, തബല, കീബോര്‍ഡ്, ഡ്രായിംഗ് & പെയിന്‍റിംഗ് എന്നീ കലകളില്‍ ജൂനിയര്‍, സീനിയര്‍ ബാച്ചുകള്‍ക്ക് ആഴ്ചയില്‍ മൂന്നുദിവസം വീതം പരിശീലനം നല്കും. അതോടൊപ്പം വിവിധ ജില്ലകളില്‍ നിന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കേരളനടനം സര്‍ട്ടിഫിക്കറ്റ് കോഴ്സിന്‍റെ പരിശീലനവും ആരംഭിച്ചു.

നിലവില്‍ പരിശീലനത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ 300ലേറെ പേര്‍ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കും. സ്കൂള്‍ ക്ലാസുകള്‍ക്ക് തടസ്സമുണ്ടാകാത്തവിധത്തിലാണ് സമയം ക്രിമീകരിച്ചിട്ടുള്ളത്. പുതുതായി പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പേരു രജിസ്റ്റര്‍ ചെയ്യാം.
നടനഗ്രാമത്തിലെ ദേശീയ നൃത്തമ്യൂസിയം കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ കലാപരിശീലനത്തിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയത്.