തരൂർ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ അഭാവത്തില്‍ പഠനം മുടങ്ങാതിരിക്കാൻ സാഹചര്യങ്ങള്‍ ഒരുക്കി നിയമ, സാംസ്ക്കാരിക,പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിച്ച സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരിമിതിക്കുള്ളില്‍ ഒതുങ്ങരുതെന്ന ലക്ഷ്യത്തോടെ തരൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിലേക്ക് ടെലിവിഷനുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. പഞ്ചായത്തുകളിലെ അതത് കേന്ദ്രങ്ങളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകൾ കേട്ടു പഠിക്കാം.

ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാകുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ കോര്‍പറേഷനും പിന്നോക്കവിഭാഗ കോര്‍പറേഷനും സംയുക്തമായി തരൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങൾക്ക് നല്‍കുന്ന ടി.വികളുടെ വിതരണം കുത്തനൂർ പഞ്ചായത്തിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകളില്‍ ഇന്റര്‍നെറ്റ്, കേബിള്‍ ടി. വി കണക്ഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത കേന്ദ്രങ്ങളിലെത്തി പൊതുവിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്തനാവുമെന്ന് മന്ത്രി പറഞ്ഞു.

തരൂർ നിയോജക മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം ബ്ലോക്ക്‌ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ലൈബ്രറികൾക്കുമാണ് 20 ടി.വികള്‍ വിതരണം ചെയ്തത്. കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാഴി, പൂളക്കല്‍പ്പറമ്പ്, കാരക്കോട്, പാക്കഞ്ഞി അംഗനവാടികള്‍, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലെ കുന്നത്തുപറമ്പ് അങ്കണവാടി, പുതുക്കോട് ഗ്രാമപഞ്ചായത്തിലെ പുതുക്കോട് ജി.എം.എല്‍.പി സ്‌കൂള്‍, വടക്കേപ്പൊറ്റ എ.യു.പി സ്‌കൂളുകള്‍ക്കും തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോടുകാട് പകല്‍വീട്, അത്തിപ്പൊറ്റ വടക്കുമുറി വ്യാപാരിഭവന്‍, അത്തിപ്പൊറ്റ വായനശാല, തരൂര്‍ കെ.കെ.എം സ്മാരക വായനശാല, കോട്ടായി പഞ്ചായത്തിലെ വറോഡ് അങ്കണവാടി എന്നിവയ്ക്കാണ് മന്ത്രി ടി.വികള്‍ വിതരണം ചെയ്തത്.

കൂടാതെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ വടക്കഞ്ചേരി ഗ്രന്ഥശാലയ്ക്കും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ആയക്കാട് സി.എ.എല്‍.പി സ്‌കൂള്‍, കാരയങ്ങാട് അങ്കണവാടി, കല്ലിങ്കല്‍പ്പാടം വായനശാലയ്ക്കും കാവശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന തെന്നിലാപുരം ഹോമിയോ ആശുപത്രി ബില്‍ഡിങ്, തേക്കുപാടം അങ്കണവാടി, മുത്താനോട് അങ്കണവാടി, കാവശ്ശേരി നവപുലരി വായനശാല എന്നിവിടങ്ങളിലേക്കും ടി.വികള്‍ വിതരണം ചെയ്തു. ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ വച്ച് നടന്ന വിതരണപരിപാടിയില്‍ അതത് പഞ്ചായത്ത്‌ പ്രതിനിധികള്‍ ടി.വികള്‍ ഏറ്റുവാങ്ങി.

കുത്തനൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, വടക്കഞ്ചേരി, തരൂര്‍, കണ്ണമ്പ്ര പഞ്ചായത്തുകളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കുട്ടികളും രക്ഷിതാക്കളും എസ്/എസ്ടി കോര്‍പ്പറേഷന്‍ എം.ഡി ഡോ. നാസര്‍, ബി.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.