പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗദ്ദിക മാസ്കുകള്‍ ഇന്ന് മുതല്‍ ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ ഗദ്ദിക മാസ്ക് വിപണി ഉദ്ഘാടനം ചെയ്തു.
ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ ലോക ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ നേരത്തെ ലഭ്യമാക്കിതുടങ്ങിയിരുന്നു. ലോകത്തെമ്പാടും കേരളത്തിലെ ആദിവാസികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണില്‍ വലിയ സ്വീകാര്യതയും ലഭിച്ചു. കോവിഡ് 19 ലോകത്തെയാകെ ഭീതിയിലാക്കുന്ന സമയത്ത് മുഖാവരണം ലോകജനതയുടെ പ്രധാനപ്പെട്ട ആവശ്യമായിരിക്കുകയാണ്. മുഖാവരണം നിത്യജീവിതത്തിന്‍റെ ഭാഗമായി തീര്‍ന്നു.
ജനങ്ങള്‍ക്ക് സുരക്ഷിതമായ മുഖാവരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ തൊഴില്‍ യൂണിറ്റുകള്‍ മാസ്കുകള്‍ നിര്‍മ്മിച്ചത്. ഇവ ഇപ്പോള്‍ ആമസോണ്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഗുണമേന്മയേറിയ മാസ്കുകളാണ് വിപണിയിലെത്തിച്ചത്. കഴുകി ഉപയോഗിക്കാവുന്ന മാസ്കുകള്‍ അലോവേരാ ലെയറോടുകൂടി ലഭ്യമാണ്. 100 ശതമാനം ജൈവ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ഇവ രംഗോലി, കലങ്കാരി തുടങ്ങിയ ഫാബ്രിക്കിലും ലഭ്യമാണ്. ലോകത്ത് എവിടെ നിന്നും മാസ്ക് ഓര്‍ഡര്‍ ചെയ്യാം. വീട്ടിലിരുന്ന് തന്നെ വാങ്ങാം എന്നതിനാല്‍ സുരക്ഷാപ്രശ്നങ്ങളും ഉണ്ടാകുന്നില്ല.