സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ എസ്എസ്എല്‍സിക്ക് മികച്ച വിജയം. 26 എം.ആര്‍.എസുകളില്‍ 25 ലും 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. പരീക്ഷയെഴു തിയ 901 വിദ്യാര്‍ത്ഥികളില്‍ 897 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 42 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ദുര്‍ബല ഗോത്ര വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന, മലമ്പുഴ യിലെ ആശ്രമം റസിഡന്‍ഷ്യല്‍ സ്കൂളില്‍ 100 ശതമാനം വിജയം നേടിയത് വലിയ നേട്ടമാണ്. തൃത്താല എം ആര്‍ എസില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്കും പീരുമേട് തമിഴ് മീഡിയം സ്കൂളില്‍ ആറ് കുട്ടികള്‍ക്കും ഏറ്റുമാനൂര്‍ എംആര്‍എസില്‍ അഞ്ചു കുട്ടികള്‍ക്കും ഫുള്‍ എ പ്ലസ് ലഭിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തു പരീക്ഷാ കേന്ദ്രങ്ങളിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ഹോസ്റ്റലുകള്‍ ആ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ഈ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയും സഹായങ്ങളും നല്‍കുന്നതിന്‍റെ നേട്ടമാണ് ഈ വിജയം.