മലമ്പുഴ മണ്ഡലത്തിലെ പട്ടികവര്‍ഗ കോളനികളിലെ വൈദ്യുതീകരണം ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിന് അനിവാര്യമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.  ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്ക് മുഖ്യ പരിഗണന നല്‍കുന്നതിന് പുറമെ വിവിധ ആശ്വാസ ക്ഷേമ പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കി വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ജില്ലയിലെ മുഴുവന്‍ സെറ്റില്‍മെന്റ് കോളനികളിലും വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലയില്‍ 20 പഞ്ചായത്തുകളിലെ 130 പട്ടികവര്‍ഗ കോളനികളിലായി 406 കുടുംബങ്ങളിലാണ് വൈദ്യുതി എത്തിക്കാന്‍ ബാക്കിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനായപ്പോള്‍ കോളനി പ്രദേശങ്ങളില്‍ ടി.വി, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയുടെ ഉപയോഗത്തിന് വൈദ്യുതി അനിവാര്യമായ സാഹചര്യത്തിലാണ് അടിയന്തരമായി വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും 40 ലക്ഷത്തോളം രൂപ ഇതിനായി വൈദ്യുതി ബോര്‍ഡിന് കൈമാറി. കോവിഡ് 19 മാഹാമാരിയുടെ പശ്ചാത്തലത്തിലാണ് പരിപാടി ഓണ്‍ലൈനായി സംഘടിപ്പിക്കേണ്ടി വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലമ്പുഴ എം.എല്‍.എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ അധ്യക്ഷനായി. ദുര്‍ബലവിഭാഗങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന കരുതലിന്റെ പ്രകാശമാണ് അയ്യപ്പന്‍പൊറ്റയില്‍ വൈദ്യുതീകരണ പദ്ധതിയിലൂടെ കാണാനാവുന്നതെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ അറിയിച്ചു. സമയബന്ധിതമായി വൈദ്യുതീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയ കെ.എസ്.ഇ.ബി ജീവനക്കാരെയും മുന്‍കൈയെടുത്ത വകുപ്പ് മന്ത്രി എ.കെ ബാലനെയും വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ പരിപാടിയില്‍ അഭിനന്ദിച്ചു. മലമ്പുഴ നിയോജക മണ്ഡലത്തില്‍ 200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും അദ്ദേഹം  അറിയിച്ചു.

മലമ്പുഴ മണ്ഡലത്തില്‍ 33 പട്ടികവര്‍ഗകോളനികളാണ് വൈദ്യുതീകരിക്കുന്നത്. അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. 148 കുടുംബങ്ങള്‍ക്കാണ് ഇവിടെ കണക്ഷന്‍ ലഭിക്കുന്നത്. അതില്‍ 109 വീടുകളിലും ഇതിനകം വൈദ്യുതി നല്‍കി കഴിഞ്ഞു. ജില്ലയില്‍ ആകെ നല്‍കാനുള്ള 406 കണക്ഷനുകളില്‍ 163 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ബാക്കി കണക്ഷനുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച കെ.എസ്.ഇ.ബി പാലക്കാട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.വി കൃഷ്ണദാസ് പറഞ്ഞു.

അയ്യപ്പന്‍പൊറ്റ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം. മല്ലിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. രാജന്‍, വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ്, വി എസ് അച്യുതാനന്ദന്‍ എം.എല്‍.എ യുടെ പ്രതിനിധി എന്‍. അനില്‍കുമാര്‍, ശശിധരന്‍, ഊരുമൂപ്പന്‍ വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.