കിഫ്ബി ധന സഹായത്തോടെ ഒരുങ്ങുന്ന ടി.എസ് തിരുമുമ്പ്‌സാംസ്‌ക്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ്ഗ, വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ വീഡിയോ കേണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.സാംസ്‌കാരിക മേഖലയ്ക്കായി വിവിധ ജില്ലകളില്‍ സാംസ്‌ക്കാരിക സമുച്ചയങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് സാംസ്‌കാരിക സമുച്ചയം ജില്ലയില്‍ ഒരുങ്ങുന്നത്.
 മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയിലെ 3.77 ഏക്കര്‍ ഭൂമിയില്‍ 41.95 കോടി രൂപയില്‍ പണി കഴിപ്പിക്കുന്ന സമുച്ചയം കാസര്‍കോടിന്റെ സമ്പന്നമായ കലാസാംസ്‌ക്കാരിക പാരമ്പര്യത്തെ ലോകത്തിന് പരിചയപ്പെടുത്തും.  69,250 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 14750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിവര വിതരണ കേന്ദ്രം, സ്മാരക  ഹാള്‍, സുവനീര്‍ വില്‍പന ശാലകള്‍, ഗ്രന്ഥ ശാല, ഭരണ നിര്‍വ്വഹണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന പ്രവേശന ബ്ലോക്ക്, 29,750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന ശാല, ബ്ലാക്ക് ബുക്ക് തിയേറ്റര്‍, സെമിനാര്‍ ഹോള്‍, പഠന മുറികള്‍, കലാകാരന്‍മാര്‍ക്കുള്ള പണിശാലകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദര്‍ശന ബ്ലോക്ക്, 10,750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഡിറ്റോറിയം, പതിനാലായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള  ഗോത്രകലാ മ്യൂസിയം, ഫോക്‌ളോര്‍ സെന്റര്‍, കഫെറ്റീരിയ എന്നിവ അടങ്ങിയ കഫെറ്റീരിയ ബ്ലോക്ക്, 650 പേര്‍ക്ക് സുഗമമായി പരിപാടികള്‍ വീക്ഷിക്കാന്‍ സാധിക്കുന്ന ഓപ്പണ്‍ എയര്‍ മ്യൂസിയം എന്നിവയും സാംസ്‌ക്കാരിക സമുച്ച യത്തിന്റെ ഭാഗമാകും. 2021 ഫെബ്രുവരിയോടെ സമുച്ചയം യാഥാര്‍ത്ഥ്യമാകും.
ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി.  രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യ അതിഥിയായി. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.കെ.എസ്.എഫ്.ഡി.സിമാനേജിങ് ഡയറക്ടര്‍ എന്‍.മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും സാസ്‌ക്കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍ സദാശിവന്‍ നായര്‍ നന്ദിയും പറഞ്ഞു.