നിര്‍മാണ പ്രവൃത്തികള്‍  പൂര്‍ത്തീകരിച്ച 10  അംബേദ്കര്‍  ഗ്രാമങ്ങള്‍ ബഹു.  പട്ടികജാതി,  പട്ടികവര്‍ഗ, പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്‍ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലന്‍   ഉദ്ഘാടനം  ചെയ്തു. വേങ്ങര മണ്ഡലത്തിലെ വലിയപറമ്പ്, ഒല്ലൂര്‍ മണ്ഡലത്തിലെ താമരവെള്ളച്ചാല്‍, വൈപ്പിന്‍ മണ്ഡലത്തിലെ പള്ളിപ്പുറം ലക്ഷംവീട് കോളനി, കോതമംഗലം മണ്ഡലത്തിലെ ഏറുംപുറം, പെരുമ്പാവൂര്‍ മണ്ഡലത്തിലെ നെടുമല, കൊട്ടാരക്കര മണ്ഡലത്തിലെ കിണറ്റിന്‍മൂട്, താമരക്കുടി, കൊയിലാണ്ടി മണ്ഡലത്തിലെ അമ്പായത്തോട്, ആലത്തൂര്‍ മണ്ഡലത്തിലെ പനമ്പഴക്കാട് എന്നീ അംബേദ്കര്‍ ഗ്രാമങ്ങളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ഇതോടൊപ്പം തിരൂരങ്ങാടി മണ്ഡലത്തിലെ കോയംകുളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ താമസിക്കുന്ന കോളനി പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവിഷ്കരിച്ച പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം. മുന്‍ ഗവണ്മെന്‍റ് ഏറ്റെടുത്ത 207  അംബേദ്കര്‍ ഗ്രാമം പദ്ധതികളില്‍ 164  കോളനികളുടെ പ്രവൃത്തി ഈ   സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുകയും 273 കോളനികളെ പുതുതായി തെരഞ്ഞെടുക്കുകയും ചെയ്തു. അവയില്‍ 24  എണ്ണത്തിന്‍റെ പ്രവൃത്തി പൂര്‍ത്തിയായി. 249 എണ്ണത്തിന്‍റെ പ്രവൃത്തി നടന്നുവരികയാണ്.
ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഓരോ കോളനി പ്രദേശത്തും നടത്തുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ഗതാഗത സൗകര്യമൊരുക്കല്‍, വിവിധ പൊതു ഇടങ്ങളുടെ നിര്‍മാണം, വൈദ്യുതീകരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ശ്മശാനനിര്‍മാണം തുടങ്ങി ഓരോ  പ്രദേശത്തും കോളനി നിവാസികളും ജനപ്രതിനിധികളും ചേര്‍ന്ന്   തീരുമാനിക്കുന്ന പദ്ധതികളാണ് ഇതിന്‍റെ ഭാഗമായി നടപ്പാക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പട്ടികജാതി വിഭാഗങ്ങളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചക്ക് വേണ്ടിയുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കോവിഡ്-19  രോഗബാധ തുടങ്ങിയതിനു ശേഷമുള്ള ബുദ്ധിമുട്ടുള്ള കാലത്തും ഈ വിഭാഗത്തിനു വേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിന്‍റെ ഫലമായാണ് 10 അംബേദ്കര്‍ കോളനികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പട്ടികജാതിക്കാര്‍ക്ക് ചികിത്സാ സഹായമായി 157  കോടി രൂപ അനുവദിച്ചു. 82313  പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. ചികിത്സാസഹായത്തിനുള്ള അപേക്ഷയും നടപടിക്രമങ്ങളും ഓണ്‍ലൈന്‍ വഴിയാക്കി. അപേക്ഷകരുടെ അക്കൗണ്ടില്‍ പണമെത്തിക്കുന്ന വിധമാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വീട്ടില്‍ പഠനസൗകര്യം കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  വീടിനോടു ചേര്‍ന്ന് പഠനമുറി  നിര്‍മിച്ചു  നല്‍കി. 18000  പഠനമുറികള്‍ ഇതുവരെ അനുവദിക്കുകയും 11000 പഠനമുറികള്‍  പൂര്‍ത്തിയാക്കുകയും ചെയ്തു. 7000  എണ്ണം കൂടി ഈ വര്‍ഷം അനുവദിക്കും. 12  ലക്ഷം രൂപ  വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദേശത്തു പഠിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. 20  ലക്ഷത്തിനു മുകളില്‍ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ ട്യൂഷന്‍ ഫീസും നല്‍കും.
കോളനികളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടത്താന്‍ 11.78  കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. പട്ടികജാതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണത്തിന് വാത്സല്യനിധി എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി. 9100  പേരെ ഇതിനകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
നാല് വര്‍ഷത്തിനിടയില്‍ പട്ടികജാതിയില്‍ പെട്ട 16729  പേര്‍ക്ക് അഞ്ചു സെന്‍റ് സ്ഥലം വാങ്ങാന്‍ ധനസഹായം നല്‍കി. 59576 വീടുകള്‍ പട്ടികജാതിക്കാര്‍ക്കായി പൂര്‍ത്തീകരിച്ചു. 2736  യുവതീയുവാക്കള്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ നൈപുണ്യ പരിശീലനം നല്‍കി. 360  പേര്‍ക്ക് വിദേശത്ത് തൊഴില്‍ നല്‍കിയെന്നും  മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പട്ടികജാതി ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. പുനീത് കുമാര്‍ സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന ഡയറക്ടര്‍ ശ്രീമതി പി. ഐ. ശ്രീവിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് വിപ്പ് കെ. രാജന്‍, എംഎല്‍എമാരായ കെ എന്‍ എ ഖാദര്‍, പി. കെ. അബ്ദുറബ്, എസ്. ശര്‍മ്മ, ആന്‍റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, അയിഷ  പോറ്റി, കെ. ദാസന്‍, കാരാട്ട് റസാഖ്, കെ. ഡി. പ്രസേനന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.