പട്ടികജാതി പട്ടികവര്‍ഗ  പിന്നോക്കവിഭാഗ വികസന, നിയമ, സാംസ്കാരിക, പാര്‍ലമെന്‍ററി കാര്യ മന്ത്രി ശ്രീ. എ. കെ. ബാലന്‍റെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്

സംസ്ഥാനത്തെ   ഭൂരഹിതരായ 2956 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി തയ്യാറായി. ഇതിന്‍റെ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഭൂമി വിതരണം ചെയ്യാന്‍ വ്യാഴാഴ്ച നടന്ന പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിലെ ജില്ലാ തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ തീരുമാനമായി. മന്ത്രി എ. കെ. ബാലന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.

നിക്ഷിപ്ത വനഭൂമി സര്‍വേക്കുള്ള പ്രത്യേക ടാസ്ക് ഫോഴ്സിന്‍റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന 88 പട്ടികജാതി കോളനികളുടെ അടിസ്ഥാനസൗകര്യ വികസനം  അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. അംബേദ്കര്‍ ഗ്രാമം പദ്ധതി, കോര്‍പ്പസ് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി പട്ടികജാതി, പട്ടികവര്‍ഗ വാസകേന്ദ്രങ്ങളില്‍ നടത്തുന്ന  അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം എല്ലാ മാസവും നടത്താനും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ എസ് എസ്എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മികവുറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി.

യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത്കുമാര്‍, പട്ടികവര്‍ഗ  വികസന ഡയറക്ടര്‍ ഡോ. പി. പുകഴേന്തി,  പട്ടികജാതി വികസന ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ എന്നിവരും പങ്കെടുത്തു. ഓണ്‍ലൈന്‍ സംവിധാനത്തിലാണ് യോഗം നടന്നത്.