പട്ടികവർഗ കുടുംബങ്ങൾക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണക്കോടിയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  വ്യാഴാഴ്ച(2020  ആഗസ്റ്റ് 20 ) വൈകിട്ട് നാലു മണിക്ക് ഓൺലൈൻ ആയി നിർവഹിക്കും.
സംസ്ഥാനത്തെ 162382  പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. അരി(15 കിലോ), ചെറുപയർ(500 ഗ്രാം), പഞ്ചസാര(500  ഗ്രാം), മുളകുപൊടി(200 ഗ്രാം), ശർക്കര(500 ഗ്രാം), വെളിച്ചെണ്ണ(500 ഗ്രാം), ഉപ്പുപൊടി(ഒരു കിലോ), തുവര പരിപ്പ്(250  ഗ്രാം), തേയില(200  ഗ്രാം) എന്നിങ്ങനെ ഒൻപതിനം  ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. 140436088 രൂപയാണ് ഇതിനായി പട്ടികവർഗ  വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയിൽ നിന്ന് ചെലവഴിക്കുന്നത്. മുൻ വർഷത്തേക്കാൾ 2629  പേർക്ക് ഇക്കൊല്ലം അധികമായി ഓണക്കിറ്റ് നൽകുന്നുണ്ട്. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ  മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.
60  വയസ്സിനു മേൽ പ്രായമുള്ള 63224  പട്ടികവർഗക്കാർക്കാണ് ഓണക്കോടി നൽകുന്നത്. 27640 പുരുഷന്മാർക്കും 35584 സ്ത്രീകൾക്കുമാണ്  ഓണക്കോടി നൽകുന്നത്. പുരുഷന്മാർക്ക് ഒരിഞ്ചു കരയുള്ള ഡബിൾ മുണ്ട്, വെള്ള തോർത്ത് എന്നിവയും സ്ത്രീകൾക്ക് ഒരിഞ്ചു കരയുള്ള സിംഗിൾ സെറ്റ് മുണ്ടും ആണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 58103388  രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 2220  പേർക്ക് ഈ വര്ഷം അധികമായി ഓണക്കോടി  .നൽകുന്നുണ്ട്. ഹാൻടെക്സ് മുഖേനയാണ് ഇവ വിതരണം ചെയ്യുന്നത്.
പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന നിയമ, സാംസ്കാരിക, പാർലമെന്ററി കാര്യ മന്ത്രി ശ്രീ.  എ. കെ. ബാലൻ അധ്യക്ഷനാകും. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. പുനീത്കുമാർ സ്വാഗതവും പട്ടികവർഗ വികസന ഡയറക്ടർ ശ്രീ. പി. പുകഴേന്തി നന്ദിയും പറയും.