സംസ്ഥാന സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍   സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍ററും കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി  അത്തം മുതല്‍ തിരുവോണം  വരെ څമാവേലി മലയാളം’ എന്ന കലാവിരുന്ന് ഒരുക്കുന്നു.
ഓഗസ്റ്റ് 22 മുതല്‍ (അത്തം) 31 വരെ (തിരുവോണം) എല്ലാ ദിവസവും  രാത്രി 7 മുതല്‍ 8.30 വരെയാണ് കലാവിരുന്ന്. ഏഴു മുതല്‍ ഏഴര വരെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ വിവിധ സംസ്ഥാനങ്ങളിലെ കലാ പരിപാടികളും  ഏഴര മുതല്‍ എട്ടര വരെ ഭാരത്  ഭവന്‍ കേരളത്തിലെ കലാരൂപങ്ങളും അവതരിപ്പിക്കും.    മാവേലി മലയാളം ഓണ്‍ലൈന്‍ അവതരണങ്ങളുടെ ഉത്ഘാടനം ശനിയാഴ്ച  വൈകുന്നേരം ആറിന്   കേരള ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്  ഖാന്‍ നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്‍ അധ്യക്ഷനാകും.  സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ്  സ്വാഗതം പറയും. സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ പ്രൊഫസര്‍.എം. ബാലസുബ്രമണ്യം  എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
കേരളത്തിലെ ഗോത്ര നാടോടി, ക്ളാസിക്കല്‍ കലാരൂപങ്ങളിലൂടെ, څഭൂമിچ പ്രമേയമാക്കി  മാതൃകം എന്ന പേരില്‍ ഒരുക്കുന്ന ഒരു മണിക്കൂര്‍ അവതരണമാണ് അത്തം ദിനം മലയാളകാഴ്ച്ച. തുടര്‍ന്ന് രാജസ്ഥാനിലെ കല്‍ബെറിയ,  ചക്രി നൃത്തങ്ങള്‍. രണ്ടാം ദിന കാവ്യോത്സവത്തില്‍ മലയാളത്തിലെ എട്ട് കവികള്‍  ചേര്‍ന്ന്  ഓണ കവിതകളുടെ അവതരണവും, ഓണസ്മൃതികളൂം പങ്കുവയ്ക്കും. തുടര്‍ന്ന് പഞ്ചാബിന്‍റെ ഭാങ്ഡാ, ലൂഡി നൃത്തങ്ങളും അരങ്ങേറും. മൂന്നാം ദിനത്തില്‍ ശാസ്ത്രീയ സംഗീത കച്ചേരിയും, മാജിക് മെന്‍റലിസം ആന്‍ഡ് ബലൂണ്‍ ആര്‍ട്ടും, ഗുജറാത്തിലെ രത്വ, ദണ്ഡിയാ നൃത്ത രൂപങ്ങളുമാണ്.  നാട്ടരങ്ങ് എന്ന പേരില്‍ ഒരുക്കുന്ന നാലാം ദിന സാംസ്കാരിക വിരുന്നില്‍ കഥാപ്രസംഗം, നങ്യാര്‍കൂത്ത്, മൈം  അവതരണങ്ങളും, ഹരിയാനയിലെ ഗൂമര്‍, ഫാഗ്  നൃത്ത രൂപങ്ങളും അവതരിപ്പിക്കും.
കേരളീയ കലകളും, പുള്ളുവന്‍ പാട്ടും, തിരിയുഴിച്ചിലും  ചേര്‍ത്ത് ഒരുക്കുന്ന കേരളീയം രംഗാവതരണവും, കര്‍ണ്ണാടകയിലെ ഡോലു കുനിത, പൂജാ കുനിത നൃത്തഗാനങ്ങളൂം  അഞ്ചാം   ദിനത്തില്‍   ഉണ്ടാകും.    ആറാം ദിനത്തില്‍    ക്ളാസിക്കല്‍ നൃത്തങ്ങളും, കാക്കാരിശ്ശി നാടകവും, തമിഴ്നാട്ടില്‍ നിന്നുള്ള  കാവടി, തപ്പാട്ടം അവതരണങ്ങളുമാണ്.  ഏഴാം ദിനത്തില്‍ തുള്ളല്‍ ത്രയങ്ങളും, ശാസ്ത്രീയ സംഗീത കച്ചേരിയും ആന്ധ്രാ പ്രദേശിന്‍റെ ലംബാഡി, ദിംസാ നൃത്ത രൂപങ്ങളും അരങ്ങേറും.അത്തം എട്ടിന് അതിജീവന ഓണം എന്ന പേരില്‍ ഫോക് മ്യൂസിക് ബാന്‍ഡും, കളരിയും, വള്ളത്തോളിന്‍റെ ‘എന്‍റെ ഗുരുനാഥന്‍’ എന്ന കവിത പ്രമേയ മാക്കിയും-കോവിഡ് അതിജീവനം വിഷയമാക്കിയുമുള്ള കേരളനടന  അവതരണങ്ങളും മഹാരാഷ്ട്രയുടെ ലാവണി, കോലി നൃത്ത രൂപങ്ങളും.   ഒന്‍പതാം നാള്‍ ‘പ്രപഞ്ചം’ പ്രമേയമാക്കി രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും മണിപ്പൂരിന്‍റെ ഡോല്‍, താങ്ങ്താ നൃത്ത രൂപങ്ങളും പ്രേക്ഷകരിലെത്തും. മലയാളത്തിലെ ഓണപ്പാട്ടുകള്‍ കോര്‍ത്തിണക്കി  കല്ലറ ഗോപന്‍, ശ്രീറാം, അനിതാ ഷേയ്ക്ക്, കല്യാണി, അനുപ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ശ്രാവണസംഗീതം, കാശ്മീരില്‍ നിന്നുള്ള റൗഫ്, നഗ്മ നൃത്താവതരണങ്ങളോടെ തിരുവോണദിനത്തില്‍ മാവേലി മലയാളം സമാപിക്കും.
മാവേലി മലയാളം കലാവിരുന്ന്     https://www.facebook.com/AK.Balan.Official/

എന്നീ ഫേസ്ബുക്   പേജുകളിലും സാംസ്കാരിക വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളിലും  തത്സമയം ലഭ്യമാകും.