വയനാട് ജില്ലയില്‍ 2019 മാര്‍ച്ചിലെ പ്രളയത്തില്‍ ദുരിതത്തില്‍പ്പെട്ട നൂല്‍പ്പുഴ പഞ്ചായത്തിലേയും പുല്‍പ്പള്ളി പഞ്ചായത്തിലെയും പണിയ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ദുരിതത്തില്‍പ്പെട്ട കാക്കത്തോട്, ചാടകപ്പുര, പാളക്കൊല്ലി കോളനി കളിലെ 110 കുടുംബങ്ങളെയാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ മരകാവില്‍ പുനരധിവസിപ്പിക്കുന്നത്. 10.20 കോടി രൂപയുടേതാണ് പുനരധിവാസ പദ്ധതി. 13.48 ഏക്കര്‍ ഭൂമി വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ കുടുംബങ്ങള്‍ ക്കും 10 സെന്‍റ് ഭൂമിയും അടിയ/പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപാ നിരക്കില്‍ വീടും അനുവദിക്കുന്നതാണ് പദ്ധതി. പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പുല്‍പ്പള്ളിയിലെ മരകാവ്, ചേപ്പില എന്നിവിടങ്ങളിലായി 54 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. ഇതില്‍ ഒന്നാംഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 26 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ദാന ചടങ്ങാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈനായി മന്ത്രി നിര്‍വ്വഹിച്ചത്. ഇവിടെ 28 വീടുകളുടെ നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാകും. 37 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയും 4.48 ലക്ഷം രൂപയുടെ വൈദ്യുതീകരണവും ഇവിടെ നടപ്പാക്കുന്നുണ്ട്.
കാക്കത്തോട്, ചാടകപ്പുര കോളനികളിലെ 55 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. ഇവിടെ 49.3 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയും 4.42 ലക്ഷം രൂപയുടെ വൈദ്യുതീകരണവും നടപ്പാക്കു ന്നുണ്ട്. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാര്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ്, വൈസ്പ്രസിഡന്‍റ് കെ.ജെ. പോള്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുഗഴേന്തി ഐ.എഫ്.എസ്, ജില്ലാ കളക്ടര്‍ ഡോ. അഥീല അബ്ദുള്ള ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.