കോവിഡ് 19 രോഗബാധ പട്ടികവര്‍ഗ്ഗ മേഖലയില്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താന്‍ സാധിച്ചത് ഏറെ ആശ്വാസകരമെന്ന് മന്ത്രി എ.കെ.ബാലന്‍.  രോഗ വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ പട്ടിക വര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും വളണ്ടിയര്‍മാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളും ഊരു നിവാസികളുടെ  ജാഗ്രതയുമാണ് ഇക്കാര്യത്തില്‍ സഹായകരമായത്.  ഇതിന്റെ ഫലമായി കോവിഡ് പോസിറ്റീവ് കേസുകളും മരണവും ഒഴിവാക്കാന്‍ സാധിച്ചു.  ആ ജാഗ്രത ഇനിയും തുടരണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.  കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ എല്ലാ കരുതലുമായി സര്‍ക്കാര്‍ ഒപ്പമുണ്ട്.  88 ലക്ഷം പേര്‍ക്കാണ് സൗജന്യമായി ഭക്ഷണ കിറ്റ് നല്‍കിയത്.  നാല് മാസം കൂടി കിറ്റ് നല്‍കും.  ഇതിന് പുറമെ പട്ടിക വര്‍ഗ്ഗ മേഖലയില്‍ 162382 പേര്‍ക്ക് ഓണ കിറ്റും 63224 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തു.  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 1400 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് മുടങ്ങാതെ വീടുകളില്‍  എത്തിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു.