വിവിധ നിയമസഭാ മണ്ഡലങ്ങളിൽ  പ്രവൃത്തി പൂർത്തീകരിച്ച അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം     പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ മന്ത്രി ശ്രീ. എ. കെ. ബാലൻ ഓൺലൈൻ ആയി നിർവഹിച്ചു.
തടപ്പറമ്പ് കോളനി(തിരുവമ്പാടി നിയമസഭാ മണ്ഡലം), പുലിപ്പാറക്കുന്ന് കോളനി(ചാലക്കുടി മണ്ഡലം), പുതുശ്ശേരി കോളനി(കുന്നംകുളം മണ്ഡലം), മലയങ്കാട് വെസ്റ്റ് കോളനി(ആലുവ മണ്ഡലം), എസ്  എം പി കോളനി(തൃപ്പൂണിത്തുറ മണ്ഡലം), ഖാൻ മുണ്ടയ്ക്കൽ കോളനി( ചിറയിൻകീഴ് മണ്ഡലം) എന്നീ അംബേദ്‌കർ ഗ്രാമങ്ങളുടെ ഉദ്‌ഘാടനമാണ് നടന്നത്.
കഴിഞ്ഞ സർക്കാർ ഏറ്റെടുത്ത 207  കോളനികളിൽ  ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 164  കോളനികളുടെ നിർമാണം പൂർത്തീകരിച്ചതെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. ഈ സർക്കാർ 273  കോളനികൾ കൂടി ഏറ്റെടുത്തു. അതിൽ 24  എണ്ണത്തിന്റെ  പണി പൂർത്തീകരിച്ചു. 249 കോളനികളുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. ഒരു കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച്  വീടുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ഗതാഗത സൗകര്യം ഒരുക്കൽ, വൈദ്യുതീകരണം, പൊതു ഇടങ്ങളുടെ നിർമാണം, ശ്മശാന നിർമാണം എന്നിവയാണ് നടത്തുന്നത്. എന്തൊക്കെ പ്രവൃത്തികളാണ് നടത്തേണ്ടതെന്ന് കോളനി നിവാസികളും ജനപ്രതിനിധികളും ചേർന്ന് കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്. സംസ്ഥാന സർക്കാർ  പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളെ കേന്ദ്ര മന്ത്രിമാർ തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
 തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ. സി. മൊയ്‌തീൻ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ശ്രീ. വി. ശശി മുഖ്യാതിഥിയായിരുന്നു. എം എൽ എമാരായ ശ്രീ. ബി. ഡി. ദേവസ്സി, ശ്രീ. എം. സ്വരാജ്, ശ്രീ. അൻവർ സാദത്ത്, ശ്രീ. ജോർജ് എം തോമസ്, ശ്രീ. ജോൺ  ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. പുനീത്കുമാർ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീമതി. പി ഐ ശ്രീവിദ്യ നന്ദിയും പറഞ്ഞു.
were inaugurated