പുതുശ്ശേരി കോളനിയിലും പുലിപ്പാറക്കുന്ന് കോളനിയിലും അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രവർത്തന പ്രഖ്യാപനം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി
കുന്നംകുളം നിയോജക മണ്ഡലത്തിലെ പുതുശ്ശേരി കോളനിയിലും കൊടകര ഗ്രാമ പഞ്ചായത്ത്‌ പുലിപ്പാറക്കുന്ന് കോളനിയിലും വിവിധ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി. പുതുശ്ശേരി കോളനിയിൽ
ആറ് കേന്ദ്രങ്ങളിലായി നടന്ന അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനവും പുലിപ്പാറക്കുന്ന് കോളനിയിലെ പ്രവർത്തനങ്ങളും പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലൻ ഓൺലൈനായി നിർവ്വഹിച്ചു. പുതുശ്ശേരിയിലെ ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പുലിപ്പാറക്കുന്നിൽ ബി ഡി ദേവസ്സി  എം എൽ എ അദ്ധ്യക്ഷനായി.
ഒരു കോടി രൂപ വിനിയോഗിച്ച് നടത്തിയ പദ്ധതിയിൽ പുതുശ്ശേരി കോളനിയിലെ കുടിവെള്ള പദ്ധതി ഉൾപ്പെടെ കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരണ പ്രവൃത്തികൾ, റീടെയിനിങ്ങ് വാൾ & ഇൻ്റേണൽ കോൺക്രീറ്റ് റോഡ് നിർമ്മാണം, തണൽ കെട്ടിട നവീകരണം, നിലവിലുള്ള കാനയുടെ അറ്റകുറ്റപ്പണികൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
ഹാളും, പാചകപ്പുരയും, ശുചിമുറിയും, മറ്റ് ഇലട്രിഫിക്കേഷൻ വർക്കുകളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടെ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന് 86.35 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 3.88 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയിലൂടെ കോളനിയിലെ എല്ലാ എസ് സി കുടുംബങ്ങൾക്കും, കമ്മ്യൂണിറ്റി ഹാൾ, അങ്കണവാടി എന്നിവിടങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനായി.  കോളനിയിലേക്കുള്ള 64 മീറ്റർ റോഡ് 4.78 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നിലവിലുള്ള കാനയുടെ അറ്റകുറ്റപ്പണികൾക്ക് 2.90 ലക്ഷവും തണൽ കെട്ടിട നവീകരണത്തിന് 1.14 ലക്ഷവും വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
പുലിപ്പാറക്കുന്ന് കോളനിയിലെ റോഡുകളുടെയും, വനിതാ വ്യവസായ കേന്ദ്രത്തിൻ്റെയും, ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങളും, കുടിവെള്ള പദ്ധതി തുടങ്ങി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തികരിച്ചത്.