പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടിയിലെ  ഷോളയൂർ, ആനവായ്, ഇടുക്കി ജില്ലയിലെ ഇരുമ്പുപാലം എന്നിവിടങ്ങളിൽ നിർമിച്ച പ്രീ മെട്രിക്  ഹോസ്റ്റലുകൾ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിലെ അഗളിയിൽ നിർമിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ഓൺലൈൻ ആയിട്ടാണ് ചടങ്ങ് നടന്നത്. പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ വികസന, നിയമ, സാംസ്കാരിക, പാർലമെന്ററി കാര്യ വകുപ്പ്  മന്ത്രി ശ്രീ. എ. കെ. ബാലൻ അധ്യക്ഷനായിരുന്നു.
എംഎൽഎ മാരായ ശ്രീ. എസ്. രാജേന്ദ്രൻ, എൻ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. പുനീത്കുമാർ സ്വാഗതവും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുകഴേന്തി നന്ദിയും പറഞ്ഞു.
ഷോളയൂരിൽ  60  ആൺകുട്ടികൾക്കും ആനവായിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി  100  വിദ്യാർത്ഥികൾക്കും ഇരുമ്പുപാലത്ത് 100  പട്ടികവർഗ പെണ്കുട്ടികൾക്കുമാണ് താമസസൗകര്യമാണ് ഒരുക്കിയത്. അത്യാധുനിക സൗകര്യമുള്ള കെട്ടിടങ്ങളാണ് മൂന്നിടത്തും ഒരുക്കിയിരിക്കുന്നത്. ഇതിനായി 16  കോടി രൂപ ചെലവഴിച്ചു.  അഗളിയിൽ 4.74 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യമുള്ള മൂന്നു നില കെട്ടിടമാണ് പോസ്റ്റ് മാതൃക ഹോസ്റ്റലിനായി നിർമിക്കുന്നത്.
പട്ടികവർഗ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽ നേടാനും വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു.  പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സാമൂഹ്യപഠനമുറി, ഗോത്രബന്ധു എന്നിവ  നടപ്പാക്കി. മെച്ചപ്പെട്ട ഫലമാണ് ഇതുമൂലം ഉണ്ടായത്. പട്ടികവർഗ വിഭാഗത്തിന്റെ സർവതോമുഖമായ വികസനത്തിന് ആവശ്യമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് ഏറ്റവും വലിയ പ്രാധാന്യമാണ് സംസ്ഥാന  സർക്കാർ നൽകുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കഴിഞ്ഞ നാല്  വർഷത്തിനിടയിൽ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ  34   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിച്ചു. സുഗന്ധഗിരിയിൽ മോഡൽ റസിഡൻഷ്യൽ കോളേജ് വയനാട്ടിലെ സുഗന്ധഗിരിയിൽ സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാൽ രാജ്യത്തെ ആദ്യത്തെ പട്ടികവർഗ  മോഡൽ റെസിഡൻഷ്യൽ കോളേജ് യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.