പിന്നോക്ക വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ തൊഴിൽ ആഭിമുഖ്യമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് പട്ടികജാതി വകുപ്പുമന്ത്രി എ കെ ബാലൻ.
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എങ്കക്കാട് ഗവ. ഐ ടി ഐയുടെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഹോസ്റ്റൽ സൗകര്യത്തോടു കൂടി ഐ ടി ഐകളെ മോഡേൺ റെസിഡൻഷ്യൽ ഐ ടി ഐകളാക്കി ഉയർത്തുന്നതെന്നും എല്ലാ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കും നല്ല വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാടക്കാഞ്ചേരി നഗരസഭയിൽ മാരാറ്റ്കുന്നിൽ സ്ഥിതി ചെയ്യുന്ന എങ്കക്കാട് ഗവ. ഐ ടി ഐ കെട്ടിടത്തിനോട് ചേർന്ന്
പട്ടികജാതി വികസന വകുപ്പിൽ നിന്നും 80 ലക്ഷം വിനിയോഗിച്ചാണ് ഹോസ്റ്റൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിൽ 42 കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഐ ടി ഐ കളെ മോഡേൺ റെസിഡൻഷ്യൽ ഐ ടി ഐകളാക്കി ഉയർത്തുന്നതോടെ രാജ്യത്തിനകത്തും വിദേശത്തും    പ്രത്യേക തൊഴിൽ പരിശീലനം ലഭിക്കേണ്ട മേഖലകളിൽ വിദ്യാർത്ഥികളെ വിന്യസിക്കാനാകും.
ഓൺലൈനായി നടന്ന ചടങ്ങിൽ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബസന്ത്ലാൽ മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ടി ജയ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ എം ആർ നാരായണൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ പ്രമോദ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി എൻ ലളിത ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയപ്രീത മോഹൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈലാ നസീർ,
ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ബാബുരാജൻ,
പിടിഎ പ്രസിഡൻ്റ് പി ബി ഗണേശൻ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ് സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ സന്ധ്യ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : എങ്കക്കാട് ഗവ.ഐ ടി ഐ യുടെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലൻ ഓൺലൈനിലൂടെ നിർവ്വഹിക്കുന്നു