പ്രീമെട്രിക് ഹോസ്റ്റലിന്റെ പുതിയ കെട്ടിടം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചേലക്കര പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. യു ആര്‍ പ്രദീപ് എം എല്‍ എ അധ്യക്ഷനായിരുന്നു.
2017-18 വര്‍ഷത്തിലെ കോര്‍പ്പസ് ഫണ്ട് ഒരു കോടി 60 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 30 പെണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് പ്രീ മെട്രിക് ഹോസ്റ്റല്‍. രണ്ട് നിലകളിലായി പണിത കെട്ടിടത്തില്‍ രണ്ട് ഡോര്‍മെറ്ററി, ലൈബ്രറി, ഹാള്‍, സ്റ്റാഫ് റൂം, ഡൈനിങ് റൂം, സ്റ്റഡി റൂം, കിച്ചണ്‍, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രീമെട്രിക് തലത്തില്‍ താമസ സൗകര്യത്തോടുകൂടി വിദ്യാഭ്യാസം നല്‍കുക എന്നതാണ് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ലക്ഷ്യം. പോഷകാഹാരം, നല്ല വിദ്യാഭ്യാസം എന്നീ ലക്ഷ്യത്തോടെ 87 പ്രീമെട്രിക് ഹോസ്റ്റലുകളാണ് സംസ്ഥാനത്തുള്ളത്.
പട്ടികജാതി വികസനത്തിന്റെ 40 ശതമാനം വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്നും
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അടിക്കുറിപ്പ്: എറിയാട് അഴീക്കോട്  കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചിത്രങ്ങള്‍