സാംസ്കാരിക മേഖലയെ സമഗ്രമായി നവീകരിക്കുകയും കാലാനുസൃതമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കുകയുമാണ് സംസ്ഥാന സർക്കാരെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. കഴിഞ്ഞ നാലര വർഷത്തിൽ സാംസ്കാരികരംഗത്തുണ്ടായ മികച്ച പ്രവർത്തനങ്ങളിൽ അർഹമായ പങ്ക് കേരള കലാമണ്ഡലത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയത്തിന്റെ ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള കലാസ്വാദകരും കലാ പരിശീലനം ആഗ്രഹിക്കുന്നവരും ഉറ്റുനോക്കുന്ന കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തിലെ രംഗകലാ മ്യൂസിയത്തിന്റെ അവസാനഘട്ട പണികളാണ് നടക്കുന്നത്. 5.80 കോടി രൂപയ്ക്കാണ് മ്യൂസിയത്തിന്റെ ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി കെ നാരായണൻ ഉദ്ഘാടന ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ ഡോ. എൻ ആർ ഗ്രാമപ്രകാശ്, ടി കെ വാസു, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിത എന്നിവർ പങ്കെടുത്തു.